ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വേണ്ടെന്ന് അത്ലറ്റിക്കോ മാഡ്രിഡും
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ച് അത്ലറ്റിക്കോ മാഡ്രിഡ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് യുവേഫ ചാംപ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായതോടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുതിയ ക്ലബിലേക്ക് മാറാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. കരിയറില്‍ ഇന്നുവരെ ചാംപ്യന്‍സ് ലീഗ് സീസണ് നഷ്ടമായിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്തുകയായിരുന്നു ലക്ഷ്യം.
ചാംപ്യന്‍സ് ലീഗ് യോഗ്യതയുള്ള യൂറോപ്പിലെ ഏതെങ്കിലും മികച്ച ടീമിലേക്ക് ചേക്കേറാനാണ് റൊണാൾഡോ ശ്രമം തുടരുന്നതെങ്കിലും ടീമുകളാരും പോർച്ചുഗീസ് താരത്തെ സ്വന്തമാക്കാനായി മുന്നോട്ടുവരുന്നില്ല. ചെല്‍സി, പിഎസ്ജി, ബയേണ്‍ മ്യൂണിക്ക് ക്ലബുകള്‍ ആദ്യം റൊണാള്‍ഡോയില്‍ താല്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും പിന്നീട് ട്രാന്‍സ്ഫര്‍ നീക്കങ്ങളില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ഡിഗോ സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡും റൊണാള്‍ഡോയ്ക്കായുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കുന്നത്.
റൊണാള്‍ഡോയുടെ ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയും ശമ്പളവും താങ്ങാനാവില്ലെന്നാണ് അത്ലറ്റികോ മാഡ്രിഡ് മാനേജ്മെന്റിന്റെ നിലപാട്. ഇതാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പുതിയ ക്ലബ്ബിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ താരത്തിന്റെ ഏജന്റായ ജോർജ് മെൻഡസ് സജീവമായി നടത്തുന്നുണ്ട്.