ടി20 ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ സ്കോട്ട്ലൻഡ് ക്യാപ്റ്റൻ കെയ്ൽ കോറ്റ്സർ
ടി20 ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ സ്കോട്ട്ലൻഡ് ക്യാപ്റ്റൻ കെയ്ൽ കോറ്റ്സർ. എന്നാൽ ന്യൂസിലൻഡിനെതിരായ ഏകദിന ക്രിക്കറ്റ് ടീമിൽ താരം ഉണ്ടാകുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും പരിശീലക വേഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ടി20യിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതെന്ന് അടുത്തിടെ സ്കോട്ട്ലൻഡ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോറ്റ്സർ പറഞ്ഞു.
സ്കോട്ട്ലൻഡ് ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി റിച്ചി ബെറിംഗ്ടൺ ചുമതലയേറ്റതോടെ കോറ്റ്സർ ജൂണിലാണ് നായകസ്ഥാനം ഉപേക്ഷിക്കുന്നത്. 2008-ൽ സ്കോട്ട്ലൻഡിനായി ടി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കോറ്റ്സർ 70 മത്സരങ്ങളിൽ നിന്ന് 1495 റൺസ് (68 ഇന്നിംഗ്സുകൾ), ആറ് അർധ സെഞ്ചുറികളാണ് നേടിയിരിക്കുന്നത്. അയർലൻഡിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ നെതർലൻഡിനെതിരെ നേടിയ 89 റൺസാണ് താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സ്കോർ.
അതേസമയം മൈക്കൽ ജോൺസ്, ഒലിവർ ഹെയർസ്, ക്രെയ്ഗ് വാലസ് എന്നിവരെ ന്യൂസിലൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങൾക്കും ഏകദിനങ്ങൾക്കുമുള്ള സ്കോട്ട്ലൻഡ് ടീമിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ അടുത്തിടെ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 മത്സരങ്ങളുടെ ഭാഗമായ 15 പേരും ടീമിനൊപ്പം ചേരും. ജൂലൈ 27, 29 തീയതികളിൽ രണ്ട് ടി20 മത്സരങ്ങളിൽ സ്കോട്ട്ലൻഡ് ന്യൂസിലൻഡിനെ നേരിടും. തുടർന്ന് ജൂലൈ 31ന് ഏകദിനവും ആരംഭിക്കും.