സ്ലാട്ടന് ഇബ്രാഹിമോവിച്ചുമായുള്ള കരാർ ഒരു വർഷത്തേക്കു കൂടെ നീട്ടി എസി മിലാൻ
സൂപ്പര്‍താരം സ്ലാട്ടന് ഇബ്രാഹിമോവിച്ചുമായുള്ള കരാർ ഒരു വർഷത്തേക്കു കൂടെ നീട്ടി ഇറ്റാലിയൻ സീരി എ ചാമ്പ്യൻമാരായ എസി മിലാൻ. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ സീസണില്‍ ടീമിനെ ഇറ്റാലിയന്‍ കിരീടം നേടാൻ സ്ലാട്ടന് കളത്തിലും പുറത്തും കരുത്തായി കൂട്ടിനുണ്ടായിരുന്നു.
പരിക്കേറ്റ് നിരവധി മത്സരങ്ങള്‍ നഷ്ടമായെങ്കിലും സീസണില്‍ നേടിയത് എട്ട് ഗോളുകളും മൂന്ന് അസിസ്റ്റും. അടുത്ത ഒക്ടോബറില്‍ 41 തികയുമെങ്കിലും സ്വീഡിഷ് താരത്തെ നിലനിര്‍ത്താനാണ് എസി മിലാന്റെ തീരുമാനം. മൈതാനത്തിറങ്ങി പന്തുതട്ടുന്നതിലും അപ്പുറം സ്വാധീനമാണ് ഇബ്രാഹിമോവിച്ചിന് ടീമിന് നൽകാനാവുക എന്നതിനാലാണ് താരത്തെ നിലനിർത്താൻ ധാരണയായിരിക്കുന്നത്.
ഒന്നര ദശലക്ഷം യൂറോയോളമായിരിക്കും പ്രതിഫലം. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലം കൂട്ടാനും ധാരണയുണ്ട്. എല്ലാ മത്സരത്തിലും കളിപ്പിക്കാനാകില്ലെങ്കിലും ഡ്രസിംഗ് റൂമില്‍ സ്ലാട്ടന്റെ സാന്നിധ്യം ഏറെ പ്രധാനമാണെന്ന് മിലാന് കോച്ച് സ്റ്റെഫാനോ പിയോളി കരുതുന്നു. അയാക്സ്, യുവന്റസ്, ഇന്റര്മിലാന്, ബാഴ്സലോണ, പിഎസ്ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുക്കായെല്ലാം പന്തുതട്ടിയ സ്ലാട്ടന് അഞ്ഞൂറിലേറെ ഗോളുകള്‍ സ്വന്തം പേരില്‍ ചേര്‍ത്തിട്ടുണ്ട്.