പിഎസ്ജി താരം കിംപെമ്പെക്ക് ഓഫറുമായി ചെല്‍സി രംഗത്ത്
ഫ്രഞ്ച് താരം പ്രെസ്നൽ കിംപെമ്പെക്ക് ഓഫറുമായി ചെല്‍സി രംഗത്ത്. പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യുവ താരത്തെ ടീമിലെത്തിക്കാന്‍ പ്രീമിയർ ലീഗ് വമ്പൻമാരുടെ ശ്രമം. ഇതിനോടകം നാപോളിയുടെ സെനഗലീസ് താരമായിരുന്ന കലിഡൗ കൂലിബാലിയെ ചെല്‍സി ടീമിലെത്തിച്ചതിനു പിന്നാലെയാണ് സ്റ്റാംഫ്രോഡ് ബ്രിഡ്ജിലെ ഈ നീക്കം.
ഫ്രഞ്ച് താരത്തെ ടീമിലെത്തിക്കാനായി ചെൽസി 40 മില്യൺ പൗണ്ട് ഓഫര്‍ ചെയ്തിട്ടുണ്ടെന്നാണ് വാർത്തകൾ. അതേസമയം 42 മില്യൺ പൗണ്ടിനെങ്കിലും കിംപെമ്പെയെ വില്ക്കാന് കഴിയുമെന്നാണ് പിഎസ്ജിയുടെ പ്രതീക്ഷ. ഇന്റർ മിലാനിൽ നിന്നും മിലൻ സ്ക്രിനിയർ എത്തുന്നതിനാൽ ഇതിനായുള്ള തുക കണ്ടെത്താനും ഫ്രഞ്ച് ക്ലബിനാവും. നേരത്തെ ചെൽസി പരിശീലകൻ തോമസ് ടുഷേലിന് കീഴിൽ കളിച്ച താരത്തിന്റെ അനുഭവ സമ്പത്തും പ്രീമിയർ ലീഗിലേക്കുള്ള കൂടുമാറ്റം എളുപ്പമാക്കും.
ഫ്രീ ട്രാൻസ്ഫറിൽ അന്റോണിയോ റൂഡിഗര്‍, ആന്ദ്രിയാസ് ക്രിസ്റ്റിയന്സന് എന്നീ ഡിഫെൻഡേഴ്സ് പ്രതിരോധ നിരയില്‍ നിന്നും മറ്റു ടീമുകളിലേക്ക് ചേക്കേറിയതിനാലാണ് കിംപെമ്പെയിലേക്ക് നോട്ടമെത്തിയത്. മറ്റൊരു പ്രതിരോധതാരമായ സെസാർ അസ്പിലിക്യേറ്റയുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. കിംപെമ്പെയെ ടീമിലെത്തിക്കാന്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസും രംഗത്തുണ്ട്.