കിടിലൻ ഇന്നിംഗ്സിന് പിന്നാലെ റിഷഭ് പന്തിനെ തേടി പുതിയൊരു റെക്കോർഡ്
ടീമിനെ വിജയത്തിലെത്തിച്ച ഇന്നിംഗ്സിനു പിന്നാലെ റിഷഭ് പന്തിനെ തേടി പുതിയൊരു റെക്കോർഡ് എത്തിയിരിക്കുകയാണ്. തന്റെ കന്നി ഏകദിന സെഞ്ചുറി കുറിച്ച പന്ത് ഇംഗ്ലീഷ് മണ്ണില്‍ ടെസ്റ്റിലും ഏകദിനത്തിലും സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് സ്വന്തമാക്കിയത്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി, മുന്‍ ശ്രീലങ്കന്‍ നായകൻ കുമാര്‍ സംഗക്കാര എന്നിവര്‍ക്ക് പോലും നേടാന്‍ സാധിക്കാത്ത നേട്ടമാണ് പന്ത് സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തില്‍ 113 പന്തില്‍ നിന്ന് 16 ഫോറും രണ്ട് സിക്സുമടക്കം 125 റണ്‍സോടെ പുറത്താകാതെ നിന്ന പന്ത് കളിയിലെ താരമാകുകയും ചെയ്തു.
അഞ്ചാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കൊപ്പം പന്ത് കൂട്ടിച്ചേര്‍ത്ത 133 റണ്‍സാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. 71 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പന്തിന് പിന്നീട് മൂന്നക്കത്തിലേക്ക് വേണ്ടിവന്നത് വെറും 35 പന്തുകള്‍ മാത്രമായിരുന്നു. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കുകയും ചെയ്തു.