പന്തിന്റെ സെഞ്ചുറി കരുത്തിൽ ഇന്ത്യക്ക് പരമ്പര, മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കിയത് 5 വിക്കറ്റിന്
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ 5 വിക്കറ്റ് ജയവും പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ. ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 47 പന്തുകള്‍ ബാക്കി നില്‍ക്കേ 5 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. വലിയ തകര്‍ച്ച മുന്നില്‍ നില്‍ക്കെ 113 പന്തില്‍ പുറത്താവാതെ 125 റൺസെടുത്ത റിഷഭ് പന്ത് നേടിയ സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഏകദിന ക്രിക്കറ്റില്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത്. ഹാര്‍ദിക് പാണ്ഡ്യ 55 പന്തില്‍ 71 റൺസെടുത്ത് പന്തിന് മികച്ച പിന്തുണ നല്‍കിയതാണ് വിജയം കൂടുതൽ എളുപ്പമാക്കിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 38 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. എട്ടോവർ പിന്നിടുമ്പോഴേക്കും ശിഖര്‍ ധവാന് (1), രോഹിത് ശര്‍മ (17), വിരാട് കോലി (17) എന്നിവരെ നഷ്ടപ്പെട്ട ഇന്ത്യയെ പയ്യെ സ്കോറിംഗിലേക്ക് എത്തിച്ച പന്തിന്റെയും യാദവിന്റെയും കൂട്ടുകെട്ട് പൊളിച്ചത് ക്രെയ്ഗ് ഓവർട്ടണായിരുന്നു.15 റൺസെടുത്ത സൂര്യകുമാർ യാദവ് പുറത്താവുമ്പോൾ ഇന്ത്യ 72-4 എന്ന നിലയിലായിരുന്നു. പിന്നീട് ക്രീസിൽ ഒന്നിച്ച റിഷഭ് പന്തും ഹാർദിക്കും ആശ്വാസമായി.
ടീം സ്കോര്‍ 205-ല്‍ നില്‍ക്കേ ഹാര്‍ദിക് പാണ്ഡ്യയെ ബ്രൈഡന്‍ കാഴ്സ് പുറത്താക്കി. 55 പന്തില്‍ 71 റണ്‍സ് നേടിയാണ് പാണ്ഡ്യ മടങ്ങിയത്. പത്ത് ബൗണ്ടറികളടങ്ങുന്നതായിരുന്നു ഇന്നിങ്സ്. പിന്നീട് രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് പന്ത് മിന്നിത്തിളങ്ങി. . ഇതിനിടെ പന്ത് സെഞ്ചുറിയും ആഘോഷിച്ചു. 113 പന്തില്‍ 16 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. ഡേവിഡ് വില്ലിയെറിഞ്ഞ 42-ാം ഓവറില്‍ അഞ്ച് ബൗണ്ടറികളാണ് പന്ത് നേടിയത്. തൊട്ടടുത്ത ഓവറില്‍ വിജയവും കരസ്ഥമാക്കി.