ഇംഗ്ലണ്ടിനെതിരെ പന്തിനും പാണ്ഡ്യയ്ക്കും അർധസെഞ്ചുറി, വിജയ പ്രതീക്ഷയിൽ ഇന്ത്യ
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റില്‍ 260 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യയക്ക് തുണയായി റിഷഭ് പന്തും ഹാർദിക് പാണ്ഡ്യയും. മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നുവെങ്കിലും ജീവശ്വാസമായി പന്തും സൂര്യകുമാർ യാദവും പിടിച്ചു നിൽക്കുകയായിരുന്നു.
എട്ടോവർ പിന്നിടുമ്പോഴേക്കും ശിഖര്‍ ധവാന് (1), രോഹിത് ശര്‍മ (17), വിരാട് കോലി (17) എന്നിവരെ നഷ്ടപ്പെട്ട ഇന്ത്യയെ പയ്യെ സ്കോറിംഗിലേക്ക് എത്തിച്ച പന്തിന്റെയും യാദവിന്റെയും കൂട്ടുകെട്ട് പൊളിച്ചത് ക്രെയ്ഗ് ഓവർട്ടണായിരുന്നു.15 റൺസെടുത്ത സൂര്യകുമാർ യാദവ് പുറത്താവുമ്പോൾ ഇന്ത്യ 72-4 എന്ന നിലയിലായിരുന്നു. പിന്നീട് ക്രീസിൽ ഒന്നിച്ച റിഷഭ് പന്തും ഹാർദിക്കും ആശ്വാസമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 34 ഓവർ പിന്നിടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 183 റൺസ് എന്ന നിലയിലാണ്
ഇന്ത്യക്കായി പന്തും (66), പാണ്ഡ്യയും (60) അർധസെഞ്ചുറി നേടി ക്രീസിലുണ്ട്. ഇംഗ്ലണ്ടിനായി റീസ് ടോപ്ലി മൂന്നു വിക്കറ്റെടുത്തപ്പോൾ ക്രെയ്ഗ് ഓവർട്ടൺ ഒരു വിക്കറ്റും സ്വന്തമാക്കി.