ചെൽസി പ്രതിരോധത്തിൽ സിൽവയ്ക്കൊപ്പം ഇനി കുലിബാലിയും
ഇതുവരെ കാര്യമായ സൈനിംഗുകളൊന്നും നടത്താതിരുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി ഇപ്പോൾ നടത്തുന്നത് ഗംഭീര നീക്കങ്ങൾ. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും റഹീം സ്റ്റെർലിങിനെ സ്വന്തമാക്കിയ സ്റ്റാംഫ്രോഡ് ബ്രിഡ്ജ് ടീം പ്രതിരോധത്തിലേക്ക് ഇറ്റലിയിൽ നിന്നുമാണ് ഒരു താരത്തെ എത്തിക്കുന്നത്.
സെനഗലിന്റെ സ്റ്റാർ ഡിഫൻഡറായ കാലിഡോ കുലിബാലിയാണ് ചെൽസിയിലേക്ക് കൂടുമാറ്റം നടത്താൻ സമ്മതം മൂളിയെന്നാണ് വാർത്തകൾ. പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചെൽസിയുമായി അഞ്ച് വർഷത്തെ കരാറിലാണ് നാപ്പോളി താരം ഒപ്പുവെച്ചിരിക്കുന്നത്.
ഏതാണ്ട് 40 ദശലക്ഷം യൂറോയാണ് കുലിബാലിക്കായി നീലപ്പട മുടക്കുന്നത്. 31-കാരനായ കുലിബാലി നിലവിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ ഒരാളായി കരുതപ്പെടുന്ന താരമാണ്, മുമ്പ് നിരവധി തവണ മറ്റു ടീമുകൾ താരത്തെ റാഞ്ചാൻ ശ്രമിച്ചിരുന്നെങ്കിലും നാപ്പോളിയിൽ നിന്നും വിടാൻ സെനഗലൽ താരം തയാറായിരുന്നില്ല. കഴിഞ്ഞ എട്ട് സീസണുകളായി നാപ്പോളിക്ക് വേണ്ടി ബൂട്ടുകെട്ടിയ താരം 300-ലേറെ മത്സരങ്ങളിലാണ് അണിനിരന്നിരിക്കുന്നത്.