പരിക്ക് വിനയായി, ഇംഗ്ലണ്ടിനെതിരെ ഇന്നു നടക്കാനിരിക്കുന്ന ആദ്യ ഏകദിനം കോലിക്ക് നഷ്ടമായേക്കും
ഇംഗ്ലണ്ടിനെതിരെ ഇന്നു നടക്കാനിരിക്കുന്ന ആദ്യ ഏകദിനം വിരാട് കോലിയ്ക്ക് നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. മോശം ഫോമിന് പിന്നാലെ ഗ്രോയിന്‍ ഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം ഓവലില്‍ നടക്കുന്ന ഏകദിന മത്സരത്തില്‍ നിന്നും വിട്ടുനിൽക്കുക.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് കോലിയ്ക്ക് പരിക്കേറ്റത്. കോലിയെ സംബന്ധിച്ചിടത്തോളം കരിയറിലെ അതിനിര്‍ണായകമായ വഴിയിലൂടെയാണ് താരം സഞ്ചരിക്കുന്നത്. ഫോമില്ലാതെ ഇഴയുന്ന താരത്തിന് പ്രതാപ കാലത്തേക്ക് മടങ്ങിയെത്താനുള്ള അവസരമായിരുന്നു ഈ ഇംഗ്ലണ്ട് പരമ്പര. ആദ്യം മത്സരം നഷ്ടമാവുമെങ്കിലും രണ്ടാമത്തേയും മൂന്നാമത്തേയും മത്സരത്തിലേക്ക് കോലി തിരിച്ചെത്തുമെന്നാണ് വാർത്തകൾ.
ഫോമില്ലാത്ത വിരാട് കോലിയെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് മുന്‍ താരങ്ങളായ കപില്‍ ദേവ്, അജയ് ജഡേജ, വെങ്കിടേഷ് പ്രസാദ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു. കഴിവുള്ള നിരവധി പേര് പുറത്തുണ്ടെന്നുള്ളതാണ് ഇവരുടെ വാദം. എന്നാൽ കോലിയെ പിന്തുണച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ രംഗത്തെത്തിയിരുന്നു.