അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ താരം ലിസെല്ലെ ലീ
ദക്ഷിണാഫ്രിക്കൻ വനിതാ ക്രിക്കറ്റ് താരം ലിസെല്ലെ ലീ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ജൂലൈ 8 വെള്ളിയാഴ്ച്ച തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൌണ്ട് വഴിയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 184 അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രോട്ടീസിനെ പ്രതിനിധീകരിച്ച് താരം കളിച്ചിട്ടുണ്ട്.
ഇത്രയും മത്സരങ്ങളിൽ നിന്നുമായി നാല് സെഞ്ചുറികൾ ഉൾപ്പെടെ ഫോർമാറ്റുകളിലായി 5253 റൺസാണ് ഓപ്പണർ റോളിലെത്തുന്ന ലിസെല്ലെ ലീ നേടിയിട്ടുണ്ട്. ജൂലൈ 11 തിങ്കളാഴ്ച്ച നോർത്താംപ്ടണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്ക് മുന്നോടിയായാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള പടിയിറക്കം താരം പ്രഖ്യാപിക്കുന്നത്. ഈ വർഷം ആദ്യം നടന്ന 2022 ഐസിസി വനിതാ ലോകകപ്പിൽ കളിച്ച ദക്ഷിണാഫ്രിക്കൻ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ലിസെല്ലെ ലീ. സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റാണ് അന്ന് ദക്ഷിണാഫ്രിക്ക ടൂർണമെന്റിനോട് വിട പറയുന്നത്.