റഹീം സ്റ്റെർലിംഗ് ചെൽസിയിലേക്ക്, വ്യക്തിഗത കരാർ അംഗീകരിച്ചു
മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം റഹീം സ്റ്റെർലിംഗ് ചെൽസിയിലേക്ക്. ഇംഗ്ലീഷ് മുന്നേറ്റനിര താരം ചെൽസിയുമായി വ്യക്തിഗത കരാർ അംഗീകരിച്ചുവെന്നും ക്ലബുകൾ തമ്മിൽ ധാരണയിൽ എത്തിയാൽ ട്രാൻസ്ഫർ ഉടനെ പൂർത്തിയാകുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചെൽസിയുടെ ഉടമയെന്ന നിലയിൽ ടോഡ് ബോഹ്ലിയുടെ ആദ്യത്തെ പ്രധാന സൈനിംഗാണിത്. മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു വർഷം മാത്രം കരാർ ബാക്കി നിൽക്കെയാണ് റഹീം സ്റ്റെർലിംഗ് ചെൽസിയിലേക്ക് ചേക്കേറാൻ തയാറെടുക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റ നിരയിൽ പെപ് ഗ്വാർഡിയോള നടത്തുന്ന പരിഷ്ക്കാരങ്ങളാണ് സ്റ്റെർലിംഗിനും പുറത്തേക്കുള്ള വഴിവെക്കുന്നത്.
2015-ൽ ലിവർപൂളിൽ നിന്ന് 49 മില്യൺ പൗണ്ടിന്റെ കരാറിൽ ഒപ്പുവെച്ച സ്റ്റെർലിംഗ് സിറ്റിക്കായി 337 മത്സരങ്ങൾ കളിക്കുകയും 131 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. വരുന്ന ഫുട്ബോൾ ലോകകപ്പ് വരുന്നതിനാൽ ഇംഗ്ലണ്ട് ടീമിൽ ഇടംലഭിക്കാൻ സ്ഥിരം ടീമിൽ കളിക്കേണ്ടതുണ്ട്. സിറ്റിയിൽ നിന്നാൽ ലോകകപ്പിനായുള്ള അവസരം നഷ്ടപ്പെട്ടേക്കുമെന്നതിനാലാണ് സ്റ്റൈർലിംഗ് ക്ലബ് വിടാൻ ഒരുങ്ങുന്നത്.