ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടി20 ഇന്ന്, രോഹിത് തിരിച്ചെത്തും
അഞ്ചാം ടെസ്റ്റ് ജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യയുടെ മോഹത്തിനേറ്റ തിരിച്ചടിക്ക് മറുപടി കൊടുക്കാനുള്ള ആദ്യ അവസരം ഇന്ന്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ അങ്കം ഇന്ന് രാത്രി 10.30 മുതൽ ആരംഭിക്കും. സതാംപ്ടണില്‍ റോസ് ബൗള്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാവും മത്സരം നടക്കുക.
ടെസ്റ്റ് പരമ്പര സമനില അവസാനിച്ച സാഹചര്യത്തില്‍ ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കാനാണ് ശ്രമിക്കുക. നായകൻ രോഹിത് ശര്‍മ തിരിച്ചെത്തുന്നുവെന്നുള്ളതാണ് ഇന്ത്യൻ ക്യാമ്പിന് കരുത്താവുന്നത്. രോഹിത് കൊവിഡ് മുക്തനായി തിരിച്ചെത്തുമ്പോള്‍ ഇഷാന്‍ കിഷന്‍ സഹ ഓപ്പണറായെത്തും. ഇതോടെ റുതുരാജ് ഗെയ്കവാദിന് ടീമില്‍ നിന്ന് പുറത്താവും.
പേസർമാർക്ക് മുൻഗണ നൽകി ഇറക്കുന്നതിനാൽ മൂന്ന് ഫാസ്റ്റ് ബോളിംഗ് ഓപ്ഷനാകും ഇന്ത്യൻ നിരയിലുണ്ടാവുക. ഒപ്പം യൂസ്‌വേന്ദ്ര ചാഹല്‍ സ്പിൻ ബോളറായും ടീമിൽ ഇടംപിടിക്കുമെന്നാണ് സൂചന. മലയാളി താരം സഞ്ജു സാംസണിനെ ആദ്യ ടി20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യ ഇലവനിൽ എത്തുമോ എന്നകാര്യം കണ്ടറിയണം. അയര്‍ലന്‍ഡിനെതിരെ സഞ്ജു തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും മറ്റ് താരങ്ങൾക്കായിരിക്കും മുൻഗണന.