യുഎസ്എ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ശിവനാരായണൻ ചന്ദർപോൾ
വനിതാ, അണ്ടർ 19 വനിതാ ടീമുകളുടെ മുഖ്യ പരിശീലകനായി ശിവനാരായണൻ ചന്ദർപോളിനെ നിയമിച്ച് യുഎസ്എ. ഒന്നര വർഷത്തെ കരാറിലാണ് മുൻ വെസ്റ്റ് ഇൻഡീസ് താരം പുതിയ ദൌത്യത്തിലേക്ക് ചുവടുവെക്കുന്നത്. ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് അണ്ടർ-19 റൈസിങ് സ്റ്റാർസ് ടി20 ചാമ്പ്യൻഷിപ്പ് ടൂർണമെന്റിനായി യുഎസ്എ അണ്ടർ-19 വനിതകൾ വിൻഡീസിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
വെസ്റ്റ് ഇൻഡീസ് ഇതിഹാസങ്ങളുടെ നിരയിൽ കണക്കാക്കപ്പെടുന്ന ചന്ദർപോൾ 164 മത്സരങ്ങളിൽ നിന്ന് 30 സെഞ്ചുറികളോടെ 11867 റൺസ് നേടിയിട്ടുണ്ട്. 2016-ൽ 41-ാം വയസിലാണ് താരം അന്താരാഷ്ട്ര ക്രിക്കിറ്റിൽ നിന്നും ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിക്കുന്നത്. പിന്നീട് ലങ്കാഷെയറിനായി കൗണ്ടി ക്രിക്കറ്റ് കളിച്ച അദ്ദേഹം കരീബിയൻ പ്രീമിയർ ലീഗ് ടീമായ ജമൈക്ക ടല്ലാവയിൽ ഈ വർഷം ആദ്യം അവരുടെ മുഖ്യ പരിശീലകനായും വേഷമണിഞ്ഞിരുന്നു.