ഇംഗ്ലണ്ടിന് 378 റണ്‍സ് വിജയലക്ഷ്യം, മറുപടി ബാറ്റിംഗിൽ ടി20 ശൈലിയിൽ ബാറ്റുവീശി ആതിഥേയർ
എഡ്ജ്ബാസ്റ്റണ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നിൽ 378 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ. 125-3 എന്ന സ്കോറില്‍ നാലാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ 245 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു. 66 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും 57 റണ്‍സടിച്ച റിഷഭ് പന്തുമാണ് ഇന്ത്യയെ മികച്ച നിലയിലെത്തിയത്.
ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് 33 റണ്‍സിന് നാലു വിക്കറ്റെടുത്തു. തുടര്‍ച്ചയായ രണ്ടാം അവസരത്തിലും ശ്രേയസ് അയ്യരും ഷര്‍ദ്ദുല്‍ താക്കൂറും നിരാശപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ചെറിയ പ്രതീക്ഷ നൽകിയാണ് ശ്രേയസ് മടങ്ങിയതെങ്കിൽ താക്കൂർറിന് കാര്യമായി ഒന്നും ചെയ്യാനായില്ല. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ടീം സ്കോര്‍ 153-ല്‍ നില്‍ക്കേ പൂജാരയെ നഷ്ടമായി.
ആദ്യ ഇന്നിംഗ്സിലേതില്‍ നിന്ന് വ്യത്യസ്തമായി സാഹചര്യം മനസിലാക്കി പിടിച്ചു നിൽക്കാനാണ് റിഷഭ് പന്ത് ശ്രമിച്ചത്. . ഇന്ത്യന്‍ സ്കോര്‍ 200 കടക്കും മുമ്പ് പന്തിനെ നഷ്ടപ്പെട്ടപ്പോൾ ടീം സമ്മർദ്ദത്തലായെങ്കിലും രവീന്ദ്ര ജഡേജയുടെ 23 റൺസ് പ്രകടനം ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. മറ്റുള്ളവർക്ക് ഇംഗ്ലണ്ട് പേസ് ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. മുഹമ്മദ് ഷമി (13), ബുറ (7), സിറാജ് (2) എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിനായി നായകന് ബെന്‍ സ്റ്റോക്സ് നാലുവിക്കറ്റെടുത്തപ്പോള്‍ സ്റ്റിയുവര്‍ട്ട് ബ്രോഡ്, മാത്യു പോട്സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ആന്‍ഡേഴ്സണും ജാക്ക് ലീച്ചും ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഏകദിന ശൈലിയിൽ ബാറ്റുവീശുന്ന അലെക്സ് ലീസും (40) സാക് സാക്ക് ക്രാളിയുമാണ് (21)ക്രീസിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ ഇംഗ്ലണ്ട് 62 റൺസ് എന്ന നിലയിലാണ്.