വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ നിന്നും വിട്ടുനിൽക്കാൻ ഷാക്കിബ് അൽ ഹസൻ
വെറ്ററൻ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര കളിച്ചേക്കില്ലെന്ന് സൂചന. താരം ടി20 ടീമിന്റെ ഭാഗമാകുമെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) സൂപ്പർ ലീഗിന്റെ ഭാഗമല്ലാത്തതിനാൽ ഏകദിന പരമ്പരയിൽ നിന്നും വിട്ടുനിൽക്കാനാണ് താരുമാനം. സ്റ്റാർ ഓൾറൗണ്ടർക്ക് പകരം ഇടംകൈയ്യൻ സ്പിന്നർ തൈജുൽ ഇസ്ലാം ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡന്റ് നസ്മുൽ ഹസൻ ബുധനാഴ്ച്ചയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജൂലൈ രണ്ടു മുതൽ 3 മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് തുടക്കമാവും. തുടർന്ന് ജൂലൈ 10, 13, 16 തീയതികളിൽ ഗയാനയിലാണ് ഏകദിന പരമ്പര നടക്കുക. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ബംഗ്ലാദേശ് പരാജയപ്പെട്ടതിനാൽ വരാനിരിക്കുന്ന ടി20, ഏകദിന പരമ്പരകൾ സ്വന്തമാക്കി വിൻഡീസിനോട് പകരം വീട്ടാനാവും ബംഗ്ലാ കടുവകൾ ശ്രമിക്കുക.