അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് നാല് റണ്‍സ് ജയവും പരമ്പരയും
അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് നാല് റണ്‍സ് ജയവും പരമ്പരയും. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആതിഥേയർക്ക് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങി വിജയിക്കാനായില്ലെങ്കിലും ഇന്ത്യൻ ടീമിനെ വിറപ്പിച്ചാണ് അയർലൻഡ് കീഴടങ്ങിയത്. വിജയപ്രതീക്ഷ അവസാന പന്ത് വരെ നിലനിര്‍ത്താനും ആതിഥേയർക്കായെങ്കിലും അവസാന ഓവര്‍ നന്നായി ചെയ്ത ഉമ്രാന് മാലിക്കാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 37 പന്തുകളില്‍ നിന്ന് 60 റണ്‍സെടുത്ത നായകന് ആന്‍ഡ്രൂ ബാല്‍ബിര്‍നിയും 18 പന്തുകളില്‍ നിന്ന് 40 റണ്‍സെടുത്ത ഓപ്പണര്‍ സ്റ്റിര്‍ലിങ്ങും അയര്‍ലന്‍ഡിനുവേണ്ടി തീപ്പൊരി പ്രകടനമാണ് കാഴ്ച്ചവെച്ചത്.
ഇവർക്കു പുറമെ ഹാരി ടെക്ടര്‍ (39), ജോര്‍ജ് ഡോക്റല്‍ (34*), മാര്‍ക്ക് അഡൈര്‍ (23*) എന്നിവരും അയർലൻഡിനായി ഗംഭീര ബാറ്റിംഗാണ് പുറത്തെടുത്തത്. ഇന്ത്യന്‍ ജേഴ്സിയില്‍ കന്നി സെഞ്ചുറി നേടിയ ദീപക് ഹൂഡയുടെയും കന്നി അര്‍ധ സെഞ്ചുറി നേടിയ സഞ്ജു സാംസന്റെയും ഇന്നിങ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്.
ടി20-യില്‍ ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന നാലാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് ഹൂഡ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 57 പന്തില്‍ നിന്ന് ആറ് സിക്സും ഒമ്പത് ഫോറുമടക്കം 104 റണ്‍സാണ് ഹൂഡ അടിച്ചെടുത്തത്. അതേസമയം മറുവശത്ത് 42 പന്തുകള്‍ നേരിട്ട സഞ്ജു നാല് സിക്സും ഒമ്പത് ഫോറുമടക്കം 77 റണ്‍സടിച്ച ശേഷമാണ് പുറത്തായത്.