Cricket Cricket-International Top News

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഏകദിന, ടി20 നായകസ്ഥാനം ഒഴിയാൻ ഓയിന്‍ മോര്‍ഗന്‍, വിരമിക്കലിനും സാധ്യത

June 27, 2022

author:

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഏകദിന, ടി20 നായകസ്ഥാനം ഒഴിയാൻ ഓയിന്‍ മോര്‍ഗന്‍, വിരമിക്കലിനും സാധ്യത

ഓയിന്‍ മോര്‍ഗന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഏകദിന, ടി20 നായകസ്ഥാനം ഒഴിയാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മോശം ഫോമും ആരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്നതിനാലാണ് നായക സ്ഥാനം ഒഴിയാൻ താരം താത്പര്യം പ്രകടിപ്പിച്ചത്. അതേസമയം ഇംഗ്ലണ്ടിന് ആദ്യമായി ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച നായകനായ മോർഗൻ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായും വാർത്തകളുണ്ട്.

2014-ൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇംഗ്ലണ്ടിന്റെ പല നേട്ടങ്ങൾക്കും മുന്നിൽ നിന്നു നയിക്കാൻ ഓയിന്‍ മോര്‍ഗന് സാധിച്ചിട്ടുണ്ട്. 2015 ലോകകപ്പിൽ ടീം ലീഗ് ഘട്ടത്തിൽ നിന്ന് പുറത്തായെങ്കിലും പിന്നീട് വൈറ്റ്-ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ സമീപനം മാറുന്നതിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. 2019-ൽ സ്വന്തം തട്ടകത്തിൽ നടന്ന ആദ്യത്തെ 50 ഓവർ ലോകകപ്പ് ട്രോഫിയിലേക്ക് രാജ്യത്തെ നയിച്ചാണ് തന്റെ തീരുമാനങ്ങൾ ശരിയാണെന്ന് മോർഗൻ തെളിയിച്ചത്.

2009ല്‍ അയര്‍ലന്‍ഡ് ടീമില്‍ നിന്ന് ഇംഗ്ലണ്ട് ടീമിലെത്തിയ മോര്‍ഗന്‍ ഏകദിനത്തില്‍ 248 മത്സരങ്ങളില്‍ 7701 റണ്‍സും 115 ടി20 മത്സരങ്ങളില്‍ 2548 റണ്‍സും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനായിട്ടുള്ള മോര്‍ഗന്‍ 83 മത്സരങ്ങളില്‍ 1405 റണ്‍സടിച്ചു കൂട്ടി.

Leave a comment