മത്തിയാസ് ഡിലിറ്റ് യുവെന്റസ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ
ഡച്ച് പ്രതിരോധനിര താരം മത്തിയാസ് ഡിലിറ്റ് യുവെന്റസ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 2019-ൽ അയാക്സിൽ നിന്നും 5 വർഷത്തെ കരാറിൽ ഇറ്റാലിയൻ വമ്പൻമാരിലേക്ക് ചേക്കേറിയ താരത്തിനു യുവെയുമായി രണ്ട് വർഷം കൂടി കരാറുണ്ട്. എങ്കിലും അനുയോജ്യമായ കരാർ പുതുക്കൽ വാഗ്ദാനം ലഭിച്ചില്ലെങ്കിൽ താരം കൂടുമാറ്റത്തെ കുറിച്ച് തീരുമാനമെടുത്തേക്കുമെന്നാണ് വിലയിരുത്തൽ.
പ്രതിരോധതാരം ജോർജിയോ കില്ലിനി അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയതോടെ ഡിലിറ്റിനെ നിലനിർത്താനുള്ള ശ്രമങ്ങളാണ് യുവെന്റസ് നടത്തുന്നത്. ടിമോ വെർണറിനെ യുവെന്റസിലേക്ക് അയച്ച് അവിടുന്ന് പ്രതിരോധ താരമായ മത്തായീസ് ഡിലിറ്റിനെ റാഞ്ചാനുള്ള പദ്ധതിയുമായി ചെൽസി മുന്നോട്ടുവന്നതും വഴിത്തിരിവായേക്കും.
അന്റോണിയോ റുഡിഗറും ആൻഡ്രിയാസ് ക്രിസ്റ്റെൻസണും ക്ലബ്ബ് വിട്ടതോടെ പകരക്കാരനായി ചെൽസി ഡിലിറ്റിനെ പരിഗണിക്കുന്നുണ്ട്. ചെൽസിയെക്കൂടാതെ മാഞ്ചസ്റ്റർ ക്ലബ്ബുകളും താരത്തിന്റെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.