ഹക്കിം സിയെച്ചിനെ കൈവിടാൻ ചെൽസി, വലവിരിച്ച് എസി മിലാൻ
മുന്നേറ്റതാരം ഹക്കിം സിയെച്ചിനെ ഈ സമ്മർ ട്രാൻഫർ വിൻഡോയിൽ കൈവിടാനൊരുങ്ങി പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി. മൊറോക്കൻ താരത്തെ ക്ലബിലെത്തിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് ഇറ്റാലിയൻ സീരി എ ചാമ്പ്യൻമാരായ എസി മിലാനും രംഗത്തുള്ളതിനാൽ ഈ നീക്കം കൂടുതൽ എളുപ്പമാവും. ചെൽസി വിടാൻ ഹാക്കിം സിയെച്ചിന്റെ പ്രതിനിധികളും ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ്.
ചെൽസിക്കായി ഇതുവരെ 83 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ സിയെച്ചിന് ആകെ 14 ഗോളുകൾ മാത്രമാണ് നേടാനായത്. 2020-ൽ അയാക്സിൽ നിന്നും 33 മില്യൺ പൗണ്ടിനടുത്ത ട്രാൻസ്ഫർ ഫീ നൽകിയാണ് സിയെച്ചിനെ ചെൽസി സ്റ്റാംഫ്രോഡ് ബ്രിഡ്ജിൽ എത്തിക്കുന്നത്. എന്നാൽ അയാക്സിൽ പുറത്തെടുത്ത മിന്നും പ്രകടനം പ്രീമിയർ ലീഗിൽ തുടരാൻ താരത്തിനു സാധിക്കാതെ പോവുകയായിരുന്നു.
ഇന്റർ മിലാനിലേക്ക് ചേക്കേറിയ റൊമേലു ലുക്കാക്കുവിന് പിന്നാലെ സിയെച്ചും ക്ലബുവിട്ടാൽ അടുത്ത സീസണിൽ മുന്നേറ്റനിരയിലേക്ക് പുതിയ താരങ്ങളെ നീലപ്പടയ്ക്ക് കണ്ടെത്തേണ്ടി വന്നേക്കും. ഈ രണ്ട് താരങ്ങൾക്കു പുറമെ ടിമോ വെർണറിനെ യുവെന്റസിലേക്ക് അയച്ച് അവിടുന്ന് പ്രതിരോധ താരമായ മത്തായീസ് ഡിലിറ്റിനെ റാഞ്ചാനുള്ള പദ്ധതിയും ചെൽസിയിട്ടിട്ടുണ്ട്.