യാസിർ ഷാ മടങ്ങിയെത്തി, ശ്രീലങ്കന്‍ പര്യടനത്തിനായുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ
ശ്രീലങ്കന്‍ പര്യടനത്തിനായുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ. വെറ്ററന്‍ സ്പിന്നർ യാസിർ ഷായുടെ തിരിച്ചുവരവാണ് ശ്രദ്ധേയമാവുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായാണ് ലങ്ക-പാക് പോരാട്ടങ്ങള്‍. ബാബർ അസം(Babar Azam) തന്നെയാണ് പാക് ടീമിന്‍റെ നായകന്‍. 2021 ഓഗസ്റ്റിലാണ് 36-കാരനായ യാസിർ അവസാനമായി പാക് കുപ്പായത്തില്‍ ടെസ്റ്റ് കളിച്ചത്.
പരമ്പരയിലെ ആദ്യ ടെസ്റ്റ് ജൂലൈ 16 മുതൽ 20 വരെ ഗാലെ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലും രണ്ടാം ടെസ്റ്റ് ജൂലൈ 24 ന് കൊളംബോയിലെ ആർ പ്രേമദാസ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലും ആരംഭിക്കും. ജൂലൈ ആറിന് ശ്രീലങ്കയിൽ എത്തുന്ന പാകിസ്ഥാൻ ജൂലൈ 11 ന് ആരംഭിക്കുന്ന കൊളംബോയിൽ ത്രിദിന സന്നാഹ മത്സരവും കളിക്കും.
2015 ലാണ് പാകിസ്ഥാൻ അവസാനമായി ശ്രീലങ്കയിൽ പര്യടനം നടത്തിയത്. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര അന്ന് 2-1 ന് സ്വന്തമാക്കിയിരുന്നു. ആ പര്യടനത്തിൽ പാകിസ്ഥാൻ പരിമിത ഓവർ മത്സരങ്ങളും കളിച്ചിരുന്നു.
പാകിസ്ഥാൻ ടീം:
ബാബർ അസം, മുഹമ്മദ് റിസ്‍വാന്‍, അബ്ദുള്ള ഷഫീഖ്, അസ്ഹർ അലി, ഫഹീം അഷ്റഫ്, ഫവാദ് ആലം, ഹാരിസ് റൗഫ്, ഹസന്‍ അലി, ഇമാം-ഉള്‍-ഹഖ്, മുഹമ്മദ് നവാസ്, നസീം ഷാ, നൗമാൻ അലി, സല്‍മാന്‍ അലി അഗാ, സർഫറാസ് അഹമ്മദ്, സൗദ് ഷക്കീൽ, ഷഹീന്‍ അഫ്രീദി, ഷാന്‍ മസൂദ്, യാസിർ ഷാ.