ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കാനാവാത്ത രണ്ട് താരങ്ങളെ മുന്നോട്ടുവെച്ച് ഗ്രെയിം സ്മിത്ത്
വരാനിരിക്കുന്ന ടി20 ലോകകപ്പ് ടീമില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്ത രണ്ട് ഇന്ത്യൻ താരങ്ങളുടെ പേരുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും കമന്റേറ്ററുമായ ഗ്രെയിം സ്മിത്ത്. നീണ്ട ഇടവേളക്കുശേഷം ടീമിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും ദിനേശ് കാര്‍ത്തിക്കിനെയുമാണ് ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കരുതെന്ന നിർദേശം മുൻതാരം മുന്നോട്ടുവെച്ചിരിക്കുന്നത്.
ഇരുവരും ഈ ടീമിന്റെ അവിഭാജ്യ ഘടകങ്ങളാണിപ്പോള്‍. ഫിനിഷറുടെ റോളില്‍ പരചയസമ്പന്നനായ കാർത്തിക് തിളങ്ങുമ്പോള്‍ കളി നിയന്ത്രിക്കുന്നതില്‍ ഹാര്‍ദ്ദിക് ഒരുപാട് മുന്നിലായെന്നും സ്മിത്ത് പറയുന്നു. ഏത് സമ്മർദ്ദ ഘട്ടത്തിലും അനായാസം ബാറ്റുചെയ്യാനാവുന്നതാണ് ഇരുവരെയും വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. പാണ്ഡ്യയ്ക്കൊപ്പം സ്പിന്‍ ഓള് റൗണ്ടറായി ജഡേജ കൂടി തിളങ്ങിയാൽ ഇന്ത്യ കൂടുതൽ കരുത്താരാവുമെന്നും മുൻ ദക്ഷിണാഫ്രിക്കൻ നായകൻ അഭിപ്രായപ്പെട്ടു.
അതുകൊണ്ടുതന്നെ പാണ്ഡ്യയെയും കാർത്തിക്കിനെയും ഒഴിവാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിന് മുമ്പ് ഇനിയും ഒരുപാട് മത്സരങ്ങള്‍ നടക്കാനുണ്ട്. അതുകൊണ്ടുതന്നെ എന്താണ് സംഭവിക്കുകയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഗ്രെയിം സ്മിത്ത് കൂട്ടിച്ചേർത്തു.