ഫിസയുടെ പ്രസിഡന്റാവുന്ന ആദ്യ വനിതയായി ഓസീസ് മുന്‍ ക്യാപ്റ്റന്‍ ലിസ സ്തലേക്കർ
പ്രൊഫഷണല്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടനകളുടെ രാജ്യാന്തര വേദിയായ ഫെഡറേഷന് ഓഫ് ഇന്റർനാഷണല്‍ ക്രിക്കറ്റേർസ് അസോസിയേഷന്റെ പ്രസിഡന്റാവുന്ന ആദ്യ വനിതയായി ഓസീസ് മുന്‍ ക്യാപ്റ്റന്‍ ലിസ സ്തലേക്കർ. സ്വിറ്റ്സർലൻഡിലെ ന്യോണിൽ നടന്ന FICA എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് 2013-ലെ വനിതാ ലോകകപ്പ് ജേതാവ് കൂടിയായ താരത്തിനെ പ്രസിഡന്റായി പ്രഖ്യാപിച്ചത്.
നാല്പത്തിരണ്ട് വയസുകാരിയായ ലിസ സ്തലേക്കർ ഇന്ത്യന്‍ വംശജയാണ്. 187 രാജ്യാന്തര മത്സരങ്ങളില്‍ ഓസീസ് വനിതാ ടീമിനെ പ്രതിനിധീകരിച്ചു. 2001ല്‍ ഹാർഡ് ഹിറ്ററായിട്ടായിരുന്നു ലിസയുടെ അരങ്ങേറ്റം. മുന്‍താരവും കമന്റേറ്ററും എന്ന നിലയില്‍ ഫിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും ഉചിതയായ ആളാണ് ലിസയെന്ന് ഫെഡറേഷന് ഓഫ് ഇന്റർനാഷണല്‍ ക്രിക്കറ്റേർസ് അസോസിയേഷന് എക്സിക്യുട്ടീവ് ചെയർമാന് ഹീത്ത് മില്‍സ് പ്രതികരിച്ചു.
ദക്ഷിണാഫ്രിക്കന്‍ മുന്‍ ബാറ്റർ ബാരി റിച്ചാർഡ്സ്, വിന്‍ഡീസ് മുന്‍ ഓള്‍റൌണ്ടർ ജിമ്മി ആഡംസ്, ഇംഗ്ലീഷ് മുന്‍ ബാറ്റർ വിക്രം സോളങ്കി തുടങ്ങിവയവരാണ് മുമ്പ് ഫെഡറേഷന് ഓഫ് ഇന്റർനാഷണല്‍ ക്രിക്കറ്റേർസ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്നത്. ഏകദിനത്തില്‍ 125 മത്സരങ്ങളില്‍ രണ്ട് സെഞ്ചുറിയും 16 അർധസെഞ്ചുറികളുമായി 2728 റണ്‍സും 146 വിക്കറ്റും നേടി. ഏകദിനത്തിലെ വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ 10ല്‍ ലിസ ഇപ്പോഴുമുണ്ട്.