ഇന്ത്യയ്ക്കൊപ്പം അയർലൻഡ് പര്യടനത്തിന് ചേതന്‍ ശർമ്മയും
മുൻ ഇന്ത്യൻ ഫാസ്റ്റ് ബോളറും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ ചേതൻ ശർമ്മ ഈ മാസം അവസാനം ആരംഭിക്കുന്ന അയർലൻഡ് പര്യടനത്തിൽ ഇന്ത്യൻ ടീമിനൊപ്പമുണ്ടാവുമെന്ന് റിപ്പോർട്ടുകൾ. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീമിനെ പരിശീലിപ്പിക്കുന്നത് ബാറ്റിംഗ് ഇതിഹാസവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ വിവിഎസ് ലക്ഷ്മണാണ്.
ഡബ്ലിനില്‍ ജൂണ്‍ 26, 28 തിയതികളിലായാണ് പരമ്പരയിലെ രണ്ട് ടി20 മത്സരങ്ങൾ നടക്കുക. 2020 ഡിസംബറിലാണ് ചേതൻ ശർമ്മ ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി ചെയർമാനാവുന്നത്. സഹ സെലക്ടറും മുൻ ഇന്ത്യൻ സ്പിന്നറുമായ സുനിൽ ജോഷിയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ഐ പരമ്പരയിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
അയർലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാർദിക് പാണ്ഡ്യയാണ് ക്യാപ്റ്റന്‍. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ ഫൈനലിലെത്തിച്ച മലയാളി താരം സഞ്ജു സാംസണിന്റെ തിരിച്ചുവരവും ശ്രദ്ധേയം. ഒപ്പം രാഹുല്‍ ത്രിപാഠിയും ഇടംപിടിച്ചു.
ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന് കിഷന്, റിതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യൂസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന് മാലിക്ക്.