ബംഗാളിനെ ചരുട്ടികെട്ടി, 23 വർഷത്തിന് ശേഷം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ ഇടംപിടിച്ച് മധ്യപ്രദേശ്
ശനിയാഴ്ച്ച ആലൂരിലെ കെഎസ്സിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന നിർണായക മത്സരത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിനത്തിൽ ബംഗാളിനെ 174 റൺസിന് പരാജയപ്പെടുത്തി 23 വർഷത്തിന് ശേഷം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ ഇടംപിടിച്ച് മധ്യപ്രദേശ്.
കുമാർ കാർത്തികേയയുടെയും ഹിമാൻഷു മന്ത്രിയുടെയും ആവേശകരമായ പ്രകടനമാണ് രണ്ട് തവണ ചാമ്പ്യൻമാരായ ബംഗാളിനെ മറികടക്കാൻ മധ്യപ്രദേശിനെ സഹായിച്ചത്. ആദ്യം ബാറ്റുചെയ്ത മധ്യപ്രദേശ് ഉയർത്തിയ 350 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗാൾ 65.2 ഓവറിൽ 175 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 67 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത സ്പിൻ ബൗളർ കാർത്തികേയയാണ് ബംഗാളിനെ വീഴ്ത്തിയത്. നേരത്തെ മന്ത്രിയുടെ 165 റൺസിന്റെ പിൻബലത്തിൽ എംപി 341 റൺസ് നേടിയത്.
1998-99 സീസണിന് ശേഷം ഇതാദ്യമായാണ് മധ്യപ്രദേശ് ഫൈനലിലേക്ക് യോഗ്യത നേടുന്നത്. ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടൂർണമെന്റിലെ ഏറ്റവും ശക്തരായ 41 തവണ ചാമ്പ്യൻമാരായ മുംബൈയുമായാണ് മധ്യപ്രദേശിന്റെ ഫൈനൽ മത്സരം.