കരാര്‍ ധാരണയായി, സൂപ്പർ താരം സാഡിയോ മാനെ ബയേണിലേക്ക്
ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കുമായി ഒന്നിക്കാൻ ലിവർപൂളിന്റെ സൂപ്പർ താരം സാഡിയോ മാനെ. പുതിയ കൂടുമാറ്റവുമായി സംബന്ധിച്ച കരാറിൽ താരവും ക്ലബും തമ്മിൽ ധാരണയായി. ഇനി ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് ബാക്കി നിൽക്കുന്നത്.
41 മില്യണ്‍ പൗണ്ടിനാണ് മാനെ ബയേണിലെത്തുക. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ഒരു വര്‍ഷത്തെ കരാര്‍ കൂടി ലവര്‍പൂളുമായി ബാക്കിയുണ്ടായിരുന്നെങ്കിലും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനോട് ലിവര്‍പൂള്‍ തോറ്റതിന് പിന്നാലെ ക്ലബ്ബ് വിടാനുള്ള ആഗ്രഹം മാനെ പരസ്യമാക്കുകയും ചെയ്‌തിരുന്നു. സഹതാരം മുഹമ്മദ് സാലയുടെ നിഴലിലാവുന്നുവെന്ന സംശയമാണ് സെനഗൽ താരത്തെ കൂടുമാറ്റത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
മുഹമ്മദ് സലായ്ക്കും റോബര്‍ട്ടോ ഫിര്‍മിനോയ്ക്കുമൊപ്പം ലിവര്‍പൂളിന്‍റെ 2019 മുതലുള്ള കിരീടനേട്ടങ്ങളിലെ നിര്‍ണായക സാന്നിധ്യമാണ് സാദിയോ മാനേ.2016-ലാണ് മാനെ സതാംപ്ടണില്‍ നിന്ന് ലിവര്‍പൂളിലെത്തിയത്. ലിവര്‍പൂള്‍ കുപ്പായത്തില്‍ 296 മത്സരങ്ങളില്‍ 120 ഗോളുകള്‍ നേടിയ മാന 48 അസിസ്റ്റുകളും നല്‍കി. ലിവര്‍പൂളിനൊപ്പം ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ് എഫ്.എകപ്പ്, ഇഎഫ്എല്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് കിരീട നേട്ടങ്ങളിലും ഈ സെനഗൽ താരത്തിന്റെ പങ്കുണ്ടായിരുന്നു.