മാഡ്രിഡിൽ നിന്നും കൂടുമാറ്റത്തിനൊരുങ്ങി ലൂക്കാ ജോവിച്ച്
റയൽ മാഡ്രിഡിൽ നിന്നും കൂടുമാറ്റം നടത്താനൊരുങ്ങി ലൂക്കാ ജോവിച്ച്. ഇതുസംബന്ധിച്ച കാര്യങ്ങൾ ഇറ്റാലിയൻ ക്ലബായ ഫിയൊറെന്റിനയുമായി താരം ചർച്ച ചെയ്തെന്നാണ് റിപ്പോർട്ടുകൾ. വിൽക്കാനാണ് റയൽ മാഡ്രിഡ് ശ്രമുക്കുന്നത് എങ്കിലും തുടക്കത്തിൽ ലോൺ അടിസ്ഥാനത്തിലാവും താരം ക്ലബ് വിടുക.
കഴിഞ്ഞ സീസണിൽ യോവിച് ബുണ്ടസ്ലിഗയിൽ ഫ്രാങ്ക്ഫർട്ടിനായായി ലോണടിസ്ഥാനത്തിൽ കളിച്ചിരുന്നു. അതേസമയം ലീഗ് വൺ ടീമായ എഎസ് മൊണാക്കോയും ജോവിച്ചിനെ സ്വന്തമാക്കാനുള്ള താത്പര്യം റയലിനെ അറിയിച്ചിട്ടുണ്ട്. ഏകദേശം 60 മില്യൺ യൂറോ നൽകി ഏറെ പ്രതീക്ഷയോടെയാണ് താരത്തിനെ രണ്ട് സീസണുകൾക്ക് മുമ്പ് സ്വന്തമാക്കിയതെങ്കിലും ക്ലബിൽ കാര്യമായി തിളങ്ങാൻ താരത്തിന് സാധിക്കാതെ പോവുകയായിരുന്നു.
വേണ്ടത്ര അവസരം റയൽ മാഡ്രിഡ് ഒരുക്കിയില്ലെന്ന വിമർശനങ്ങളും ഒരുവശത്തുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത് റയൽ മാഡ്രിഡിലേക്ക് മടങ്ങിയെത്തിയ കാർലോ അഞ്ചലോട്ടി ജോവിച്ചിനെ നിലനിർത്താനും ബെർണബ്യൂവിൽ അവസരം നൽകാനും തയാറായിരുന്നെങ്കിലും കരീം ബെൻസെമയുടെ മികച്ച ഫോം കാരണം ബെഞ്ചിലായിരുന്നു താരത്തിന്റെ സ്ഥാനം.
പിന്നീട് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ജോവിച്ച് ഫ്രാങ്ക്ഫർട്ടിലേക്ക് വായ്പ അടിസ്ഥാനത്തിൽ മാറി. 19 മത്സരങ്ങളിൽ നിന്നായി ഒരു ഗോളും മൂന്ന് അസിസ്റ്റുകളുമാണ് ജോവിച്ചിന് ജർമൻ ലീഗിൽ നേടാനായത്.