അണ്ടര്‍ 17 വനിതാ ഫുട്ബോൾ ലോകകപ്പിനുള്ള വേദികള്‍ പ്രഖ്യാപിച്ചു
ഇന്ത്യ വേദിയാവുന്ന അണ്ടര്‍ 17 വനിതാ ഫുട്ബോൾ ലോകകപ്പിനായുള്ള വേദികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11ന് ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. അതേസമയം ഫൈനല്‍ ഒക്ടോബര്‍ 30-ന് മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുകയും ചെയ്യും. മത്സക്രമത്തിനായുള്ള നറുക്കെടുപ്പ് ജൂൺ 24-നാണ് നടക്കുക.
ഒക്ടോബര്‍ 11, 14, 17 ദിവസങ്ങളിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ എന്നാണ് അറിയാൻ കഴിഞ്ഞത്. അണ്ടര്‍ 17 വനിത ഫുട്ബോള്‍ ലോകകപ്പ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ കൊവിഡ് മഹാമാരി പിടിമുറുക്കിയതോടെ ആദ്യം ടൂര്‍ണമെന്റ് ഈ വര്‍ഷത്തേക്ക് നീട്ടിവയ്ക്കുകയും പിന്നീട് ഫിഫ റദ്ദാക്കുകയുമായിരുന്നു.
ഇതോടെ 2022 എഡിഷന് ഇന്ത്യക്ക് അനുവദിച്ചു. അണ്ടര്‍ 20 വനിത ലോകകപ്പ് 2022ന്റെ സമയക്രമവും ഇതിനൊപ്പം ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. കോസ്റ്റാറിക്കയില്‍ 2022 ഓഗസ്റ്റ് 10-28 തിയതികളിലാണ് അണ്ടര്‍ 20 വനിത ലോകകപ്പ് നടക്കുക.