തുർക്കി ക്ലബ് കാരഗുംറുക്കിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത് ഇറ്റാലിയൻ ഇതിഹാസ താരം ആന്ദ്രേ പിർലോ
തുർക്കി ക്ലബ് കാരഗുംറുക്കിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത് ഇറ്റാലിയൻ ഇതിഹാസ താരം ആന്ദ്രേ പിർലോ. ക്ലബിന്റെ പുതിയ പരിശീലകനായി താരത്തെ നിയമിച്ച ഔദ്യോഗിക പ്രഖ്യാപനവും ക്ലബ് നടത്തുകയുണ്ടായി. മുമ്പ് യുവെന്റസിന്റെ പരിശീലക വേഷത്തിലെത്തിയ പിർലോയ്ക്ക് കളിക്കാരൻ എന്ന നിലയിൽ പുറത്തെടുത്ത പ്രടകനങ്ങളുടെ നിഴലിൽ പോലും എത്താൻ പരിശീലകനായി സാധിച്ചിരുന്നില്ല.
വലിയ ഇടവേളയ്ക്ക് ശേഷം തുർക്കിയിലെ ഒന്നാം ഡിവിഷനിലേക്ക് തിരിച്ചെത്തിയ ടീമാണ് കാരഗുംറുക്ക്. എന്നാൽ കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് അവർ ഏവരേയും ഞെട്ടിച്ചു. ലൂക്കാസ് ബിഗ്ലിയ, അഹ്മദ് മൂസ, ഫാബിയോ ബോറിനി, യാൻ കരമോ തുടങ്ങിയവരാണ് കാരഗുംറുക്കുവിന്റെ പ്രധാന താരങ്ങൾ.
2020-21 സീസണിലാണ് മുമ്പ് ഒരു സീനിയർ ടീമിനെ പോലും പരിശീലിപ്പിക്കാതെ പിർലോ യുവെയുടെ കോച്ചാവുന്നത്. എന്നാൽ പിർലോയ്ക്കും യുവെന്റസിനും തൊട്ടതെല്ലാം പാളിയ സീസണായിരുന്നു അത്. നിലവിലെ ടീമിന്റെ അവസ്ഥയ്ക്ക് പിന്നിൽ പിർലോയാണെന്ന വിമർശനങ്ങളും ഒരു ഭാഗത്തുനിന്നും ഉയരുന്നുണ്ട്.
തുടർച്ചയായി പത്താം സീരി എ കിരീടം ലക്ഷ്യമിട്ടിറങ്ങിയ യുവെന്റസിന് പിർലോയുടെ കീഴിൽ അതു നേടാനായില്ല. മാത്രമല്ല, നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതും. ഇതിനുപിന്നാലെ ക്ലബ് വിട്ട പിർലോ ഒരു വർഷത്തിന് ശേഷമാണ് പുതിയ ദൗത്യമേൽക്കുന്നത്.