ടെന്നീസ് റാങ്കിങ്ങില്‍ ജോക്കോവിച്ചിനെ പിന്തള്ളി ഡാനില്‍ മെദ്വെദേവ്
പുരുഷ വിഭാഗം ടെന്നീസ് റാങ്കിങ്ങില്‍ നൊവാക് ജോക്കോവിച്ചിന് തിരിച്ചടി. 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ സെര്‍ബിയൻ താരത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി റഷ്യയുടെ ഡാനില്‍ മെദ്വെദേവാണ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ റാഫേല്‍ നദാലിനോട് തോറ്റ് പുറത്തായതാണ് ജോക്കോവിച്ചിന് തിരിച്ചടിയായത്.
26 കാരനായ മെദ്വെദേവ് ഹെര്ട്ടോങ്ഗന്ബോഷ് ടൂര്‍ണമെന്റില്‍ കിരീടം നേടിയതോടെയാണ് ഒന്നാം സ്ഥാനത്തേയ്ക്ക് കയറിയത്. അതേസമയം ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വെരേവാണ് രണ്ടാം സ്ഥാനത്ത്. 2018 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് ജോക്കോവിച്ച് ആദ്യ രണ്ട് സ്ഥാനത്തില്‍ നിന്ന് പുറത്താവുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
റാങ്കിങ്ങിൽ ഒന്നാമതുള്ള മെദ്വെദേവിന് 7950 പോയന്റും രണ്ടാമതുള്ള സ്വെരേവിന് 7075 പോയന്റുമാണുള്ളത്. ജോക്കോവിച്ചിന് 6770 പോയന്റുണ്ട്. ഫ്രഞ്ച് ഓപ്പണ്‍ കിരീട ജേതാവായ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലാണ് നാലാമത്. 6525 പോയന്റാണ് താരത്തിനുള്ളത്. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയ നോര്‍വീജിയന്‍ താരം കാസ്പര്‍ റൂഡ് 5050 പോയന്റുമായി അഞ്ചാം സ്ഥാനത്തെത്തി.