ഐപിഎൽ സംപ്രേഷണാവകാശം റെക്കോഡ് തുകയ്ക്ക് വിറ്റതായി റിപ്പോര്‍ട്ട്
ഐപിഎല്‍ മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേഷണാവകാശം റെക്കോഡ് തുകയ്ക്ക് വിറ്റതായി റിപ്പോര്‍ട്ട്. 2023 മുതല്‍ 2027 വരെയുള്ള അഞ്ച് വര്‍ഷത്തെ കാലായളവിലേക്കുള്ള ടെലിവിഷന്‍-ഡിജിറ്റൽ സംപ്രേഷണാവകാശം 44,075 കോടി രൂപയ്ക്കാണ് വിറ്റുപോയിരിക്കുന്നത്.
ടൂർണമെന്റിന്റെ ലൈവ് സ്ട്രീമിംഗ് 20,500 കോടി രൂപയ്ക്ക് റിലയന്‍സിന് കീഴിലുള്ള വിയാകോം18 സ്വന്തമാക്കിയപ്പോൾ ടിവി സംപ്രേഷണാവകാശം 23,575 കോടി രൂപയ്ക്ക് സോണി സ്വന്തമാക്കിയെന്നാണ് വാർത്തകൾ. ഇതുവഴി ഒരു മത്സരത്തില്‍ നിന്നും ബിസിസിഐയ്ക്കു ലഭിക്കുന്നത് 107.5 കോടി രൂപയാണ്. 2008ലെ കന്നി സീസണ് മുതല്‍ എട്ടു വര്‍ഷം ഐപിഎല്‍ മല്‍സരങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തിരുന്നത് സോണിയായിരുന്നു.
എന്നാൽ അതിനു ശേഷമാണ് സ്റ്റാര്‍ സംപ്രേക്ഷണാവകാശം കൈക്കലാക്കിയത്. 2021 വരെ അവര്‍ ഇതു നിലനിര്‍ത്തുകയും ചെയ്തു. അടുത്ത അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 410 മത്സരങ്ങളുണ്ടാകുമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍.
രണ്ട് ദിവസമായി നടക്കുന്ന ലേലത്തില്‍ സോണി, വിയാകോം, ഡിസ്നി പ്ലസ് ഹോട്സ്റ്റാര്, റിലയന്‍സ് തുടങ്ങിയ വമ്പന്മാരാണ് പങ്കെടുക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലേലങ്ങളിലൊന്നിനാണ് ഐപിഎല്‍ വേദിയാകുന്നത്.