ദക്ഷിണാഫ്രിക്കക്കെതിരെ 211 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ടീം ഇന്ത്യ
ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കൂറ്റൻ സ്കോർ നേടി ടീം ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് അടിച്ചെടുത്തത്. ക്രീസിലെത്തിയ ബാറ്റ്സ്മാൻമാരെല്ലാം തകർത്തു കളിച്ചതാണ് മികച്ച സ്കോറിലെത്താൻ ഇന്ത്യയെ സഹായിച്ചത്.
ആദ്യ വിക്കറ്റിൽ യുവതാരങ്ങളായ ഇഷാൻ കിഷനും റുതുരാജ് ഗെയ്ക്വാദും ചേർന്ന് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. 15 പന്തിൽ 23 റൺസ് എടുത്ത് ഗെയ്ക്വാദ് ഏഴാം ഓവറിൽ മടങ്ങിയെങ്കിലും കിഷൻ മറുവശത്ത് തകർത്തടിക്കുകയായിരുന്നു. രണ്ടാമനായി എത്തിയ ശ്രേയസ് അയ്യരും സ്കോറിംഗ് വളരെ വേഗത്തിലാണ് നീക്കിയത്. 13-ാം ഓവറിൽ 48 പന്തിൽ നിന്നും 76 റൺസെടുത്ത ഇഷാനെ പുറത്താക്കി കേശവ് മഹാദേവ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നൽകിയെങ്കിലും പിന്നാലെയെത്തിയ നായകൻ റിഷഭ് പന്തും ഫോമിലായിരുന്നു.
അവസാന ഓവറുകളിൽ തകർത്തടിച്ച ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ 200 കടത്തിയത്. ഹാർദിക് 12 പന്തിൽ നിന്നും 31 റൺസെടുത്തപ്പോൾ ശ്രേയസ് അയ്യർ 27 ബോളുകളിൽ 36 റൺസും റിഷഭ് 16 പന്തിൽ 29 റൺസുമെടുത്തു.