മാനെയുടെ പകരക്കാരനായി ചെൽസി താരം പുലിസിച്ചിനെ നോട്ടമിട്ട് ലിവർപൂൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ ലിവർപൂളുമായി വേർപിരിയാൻ ഒരുങ്ങുന്ന സാഡിയോ മാനെയ്ക്ക് പകരക്കാരനെ കണ്ടെത്തി പരിശീലകൻ യുർഗൻ ക്ലോപ്പ്. ചെൽസിയുടെ അമേരിക്കൻ താരം ക്രിസ്റ്റ്യൻ പുലിസിച്ചിനെയാണ് ചെമ്പട ടീമിലെത്തിക്കാൻ താത്പര്യമറിയിച്ചിരിക്കുന്നത്.
നിലവിൽ ചെൽസിയുമായി താരത്തിന് 2024 വരെ കരാറുണ്ടെങ്കിലും സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ആദ്യ ഇലവനിൽ പുലിസിച്ചിന് സ്ഥാനമുറപ്പില്ല. ഈ സാഹചര്യത്തിൽ ചെൽസി വിടാൻ പുലിസിച്ച് തയ്യാറെയേക്കുമെന്നാണ് സൂചന. ബാഴ്സ താരമായ ഡെംബെലെയെ ടീമിലെത്തിക്കാൻ ചെൽസി പരിശീലകൻ തോമസ് ടുഹേൽ നീക്കങ്ങൾ ആരംഭിച്ചതും ലിവർപൂളിന് അമേരിക്കൻ താരത്തെ സ്വന്തമാക്കാനുള്ള അവസരം തുറക്കും.
അങ്ങനെയെങ്കിൽ പുലിസിച്ച്, ടിമോ വെർണർ അല്ലെങ്കിൽ ഹക്കിം സിയെച്ച് എന്നിവരിൽ ഒരാൾക്ക് പുറത്തേക്കുള്ള വഴി തുറക്കുകയും ചെയ്യും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലിവർപൂൾ മുന്നേറ്റത്തിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു മാനെ. എന്നാലിപ്പോൾ കരാറവസാനിക്കാൻ ഒരു വർഷം കൂടി ബാക്കിനിൽക്കെ മാനെ യുർഗൻ ക്ലോപ്പിന്റെ പടയോട് വിടപറയുമെന്നാണ് സൂചനകൾ.






































