ഗബ്രിയേൽ ജെസൂസിനെ സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ച് റയൽ മാഡ്രിഡ്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റ താരം ഗബ്രിയേൽ ജെസൂസിനെ സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ച് റയൽ മാഡ്രിഡും അത്ലറ്റികോ മാഡ്രിഡും. ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ താരത്തിന്റെ ഏജന്റ് ഇരു ക്ലബുകളെയും സമീപിച്ചുവെന്നും ബ്രസീലിയൻ താരത്തിന്റെ സേവനം ഓഫർ ചെയ്‌തുവെന്നുമാണ് പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്തകൾ.
ബെൻസിമയ്ക്ക് പിൻഗാമിയായി ഒരു സ്ട്രൈക്കറെ ടീമിലെത്തിക്കാൻ റയൽ നേരത്തെ തന്നെ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ജെസൂസ് ഒരു യൂറോപ്യൻ താരമല്ലാത്തതിനാൽ താരത്തിനെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡിന് സാധിക്കില്ല. ഒരു ക്ലബിൽ മൂന്നു നോൺ യൂറോപ്യൻ താരങ്ങളെ ഉണ്ടാകാവൂ എന്നിരിക്കെയാണ് ഈ തിരിച്ചടി. നിലവിൽ വിനീഷ്യസ് ജൂനിയർ, എഡർ മിലിറ്റാവോ, റോഡ്രിഗോ എന്നിവർ ആ സ്ഥാനങ്ങളിലുണ്ട്. മൂവരും റയൽ മാഡ്രിഡിന്റെ സുപ്രധാന താരങ്ങളായതിനാൽ ഇവരെ ഒഴിവാക്കാനും ടീമിന് സാധിക്കില്ല.
വിനീഷ്യസ് ജൂനിയറിന് അടുത്തു തന്നെ സ്‌പാനിഷ് പാസ്പോർട്ട് ലഭിക്കാനുള്ള സാധ്യതയുണ്ട്. അങ്ങിനെയെങ്കിൽ ജെസൂസിനെ റയൽ മാഡ്രിഡിന് സ്വന്തമാക്കാൻ കഴിയും. റയലിനെ സംബന്ധിച്ച് സിറ്റിയുടെ മുന്നേറ്റ താരം ടീമിലെത്തുന്നത് മികച്ച കാര്യമായിരിക്കും. മുപ്പത്തിനാല് വയസുള്ള ബെൻസിമക്ക് ബാക്കപ്പായും അല്ലാതെയും താരത്തെ ഉപയോഗിക്കാൻ കഴിയും.