ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന നൽകി സൗരവ് ഗാംഗുലി
ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന നൽകി സൗരവ് ഗാംഗുലി. 30 വര്‍ഷമായി ക്രിക്കറ്റ് രംഗത്തുള്ള താന്‍ പുതിയൊരു സംരഭം തുടങ്ങാനൊരുങ്ങുകയാണെന്നും ക്രിക്കറ്റില്‍ തന്നെ പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവരും പുതിയ സംരംഭത്തിലൂം കൂടെയുണ്ടാകണമെന്നും പറഞ്ഞ് ഗാംഗുലി ചെയ്ത ട്വീറ്റാണ് ഇത്തരത്തിലൊരു അഭ്യൂഹം പുറത്തുവരാൻ കാരണമായിരിക്കുന്നത്.
എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സഥിരീകരണങ്ങളൊന്നും തന്നെ ഗാംഗുലിയിൽ നിന്നോ ബിസിസിഐയില്‍ നിന്നോ ഇതുവരെ വന്നിട്ടില്ല. 2019 ഒക്ടോബര്‍ 23ന് ബിസിസിഐ വാര്‍ഷിക യോഗത്തിലാണ് പ്രസിഡന്റായി സൗരവ് ഗാംഗുലി ചുമതലയേൽക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്ത് എത്തുന്നതിനു മുന്നേ മുൻ ഇന്ത്യൻ താരം അഞ്ച് വര്‍ഷക്കാലം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ലോധ കമ്മിറ്റി ശുപാര്‍ശ പ്രകാരം ഒരാള്‍ക്ക് ആറ് വര്‍ഷം മാത്രമേ ക്രിക്കറ്റ് ഭരണരംഗത്ത് തുടരാനാകുമായിരുന്നുള്ളൂവെന്നതും ഗാംഗുലിയുടെ പടിയിറക്കത്തിന് കാരണമായേക്കും. എന്നാല്‍ ഈ തടസം നീക്കാനായി ബിസിസിഐ ജനറല്‍ബോഡി ഇളവ് വരുത്തി തീരുമാനമെടുത്തിരുന്നു. ഇതോടെയാണ് ഗാംഗുലിക്ക് പ്രസിഡന്റ് പദവിയില്‍ മൂന്ന് വര്‍ഷം തുടരാനായത്. എന്തായാലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ വരും ദിവസങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.