ഷാക്കിബ് അൽ ഹസനെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി പ്രഖ്യാപിച്ച് ബംഗ്ലാദേശ്
ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി പ്രഖ്യാപിച്ച് ബംഗ്ലാദേശ്. അടുത്തിടെ സമാപിച്ച ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര അടിയറവുവെച്ചതിനു പിന്നാലെ നായകൻ മൊമിനുൾ ഹഖ് സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷാക്കിബിനെ പുതിയ ക്യാപ്റ്റനായി ബോർഡ് തെരഞ്ഞെടുത്തിരിക്കുന്നത്.
ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിച്ചതിനാലാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ മോമിനുൾ തീരുമാനിച്ചത്. അതേസമയം ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ഉപനായകനായി ലിറ്റൺ ദാസിനെയും നിയമിച്ചു. മൊമിനുളിന്റെ കീഴിൽ ബംഗ്ലാദേശ് 17 കളികളിൽ മൂന്ന് ടെസ്റ്റ് വിജയങ്ങളും രണ്ട് സമനിലകളും 12 തോൽവികളുമാണ് നേടിയത്.
നേരത്തെ അഴിമതി സമീപനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടതിനാൽ 2019-ൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഏർപ്പെടുത്തിയ വിലക്കിനെത്തുടർന്ന് മോമിനുൾ ബംഗ്ലാദേശിന്റെ ടെസ്റ്റ് നായകനായി എത്തുകയായിരുന്നു.
അതേസമയം ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റനായി ഷാക്കിബ് ഇത് മൂന്നാം തവണയാണ് നിയമിക്കപ്പെടുന്നത്. 2009-ൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ ഓൾറൗണ്ടർ മഷ്റഫെ മൊർത്താസയ്ക്ക് പരിക്കേറ്റപ്പോൾ ടീമിന്റെ നായകനായി ഷാക്കിബ് എത്തിയിരുന്നു. തുടർന്ന് 2017-ൽ വിക്കറ്റ് കീപ്പർ-ബാറ്റർ മുഷ്ഫിഖുർ റഹീമിൽ നിന്നും ഷാക്കിഹ് ക്യാപ്റ്റൻസി ചുമതലകൾ ഏറ്റെടുത്തിരുന്നു.