കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം അജിങ്ക്യ രഹാനെയും പരിക്കേറ്റ് പുറത്ത്
ഐപിഎല്ലിൽ നിന്നും പരിക്കേറ്റ് പുറത്താവുന്നവരുടെ പട്ടികയിലേക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം അജിങ്ക്യ രഹാനെയും. ഹാംസ്ട്രിംഗ് പരിക്ക് മൂലം ഈ സീസണിലെ ശേഷിക്കുന്ന മത്സരത്തിൽ നിന്നും താരം പിൻമാറിയതായി കെകെആർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.
ഐപിഎല്ലിലെ പോയിന്റെ പട്ടികയിൽ നിലവിൽ ആറാം സ്ഥാനത്താണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സീനിയർ താരത്തിന്റെ അഭാവത്തിൽ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ സുനിൽ നരെയ്നെയോ നിതീഷ് റാണയെയോ ഇടംകൈയ്യൻ ബാറ്റ്സ്മാൻ വെങ്കിടേഷ് അയ്യർക്കൊപ്പം കെകെആർ രണ്ടാം ഓപ്പണറായി അവസാന മത്സരത്തിൽ കളിപ്പിച്ചേക്കും.
ഹാംസ്ട്രിംഗിന് പരിക്കേറ്റതിനാൽ ജൂലൈയിൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ പങ്കെടുക്കാനും അജിങ്ക്യ രഹാനെയ്ക്ക് സാധിച്ചേക്കില്ലെന്നാണ് വിവരം. മൂന്ന് ടി20 മത്സരങ്ങൾ കൂടാതെ മൂന്ന് ഏകദിന മത്സരങ്ങൾക്കു പുറമേ ഒരു ടെസ്റ്റ് മത്സരത്തിലും ഇന്ത്യ ഈ പരമ്പരയിൽ കളിക്കും. പര്യടനം ജൂലൈ ഒന്നിന് ആരംഭിക്കും. തുടർന്ന് ഈ സീരീസിലെ അവസാന മത്സരം മാഞ്ചസ്റ്ററിലെ എമിറേറ്റ്സ് ഓൾഡ് ട്രാഫോർഡിൽ ജൂലൈ 17 ന് നടക്കും.