ഡി ജോംഗിനെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
ബാഴ്സലോണയുടെ ഫ്രാങ്കി ഡി ജോംഗിനെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. റെഡ് ഡെവിൾസിന്റെ പുതിയ പരിശീലകൻ എറിക് ടെൻ ഹാഗുമായി പ്രവർത്തിച്ച പരിചയമാണ് ഡച്ച് താരത്തെ സ്വന്തമാക്കാനുള്ള ആഗ്രഹത്തിനു പിന്നിലുള്ള പ്രധാന കാരണം. പോൾ പോഗ്ബ ക്ലബ് വിടുന്ന സാഹചര്യത്തിൽ ഡി ജോംഗിനെയാണ് ടെൻ ഹാഗ് പകരക്കാരനായി കണ്ടെത്തിയിരിക്കുന്നത്.
മധ്യനിരയിൽ ഏതു പൊസിഷനിലും കളിക്കാനുള്ള മികവാണ് ഫ്രാങ്കി ഡി ജോംഗിന്റെ പ്രത്യേകത. നിലവിൽ ബാഴ്സലോണയിൽ നിറംമങ്ങിയ പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെങ്കിലും സന്ദർഭത്തിനനുസരിച്ച് ഉയരാൻ താരത്തിന് സാധിക്കുമെന്നാണ് യുണൈറ്റഡിന്റെ വിശ്വാസം. മാത്രമല്ല, ഗാവി, പെഡ്രി തുടങ്ങിയ താരങ്ങൾക്ക് പിന്നിലായി പോയതിനാൽ വേണ്ടത്ര സമയം മൈതാനത്തിറങ്ങാനും നിലവിൽ ഡി ജോംഗിന് സാധിക്കുന്നില്ല.
ബാഴ്സയുടെ നിലവിലെ സാമ്പത്തിക ഞെരുക്കത്തിനിടയിൽ മികച്ച ഓഫർ താരത്തിനായി ലഭിച്ചാൽ വിൽക്കാൻ തയാറായേക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. 75 മില്യൺ പൗണ്ടിന് അയാക്സിൽ നിന്നും വാങ്ങിയ ഫ്രാങ്കി ഡി ജോംഗിനെ 60 മില്യൺ പൗണ്ട് എങ്കിലും ലഭിച്ചാൽ മാത്രമേ സ്പാനിഷ് ടീം വിൽക്കാൻ ഒരുങ്ങുകയുള്ളൂ.