വിജയവഴിയിൽ തിരികെയെത്തി ബാംഗ്ലൂർ, ചെന്നൈക്കെതിരെ 13 റൺസിന്റെ ജയം
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ 13 റൺസിന് തോൽപ്പിച്ച് വിജയവഴിയിൽ തിരികെയെത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ആർസിബി ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 20 ഓവറിൽ8 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.
ഇന്നത്തെ തോൽവിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ തീര്‍ത്തും മങ്ങി. തുടക്കം ഗംഭീരമായിരുന്നെങ്കിലും മധ്യനിര പൂർണമായും നിറംമങ്ങിയതാണ് സിഎസ്കെയ്ക്ക് തിരിച്ചടിയായത്. ഓപ്പണിംഗിൽ റുതുരാജ് ഗെയ്ക്വാദ്, ഡെവൺ കോൺവേ എന്നിവർ 54 റൺസ് കൂട്ടിച്ചേർത്താണ് പിരിഞ്ഞത്. ഏഴാം ഓവറിൽ ഗെയ്ക്വാദിനെ പുറത്താക്കി ഷഹബാസ് അഹമ്മദാണ് ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ നൽകിയത്.
പിന്നാലെ എത്തിയ റോബിൻ ഉത്തപ്പയെയും (1) അമ്പാട്ടി റായിഡുവിനെയുെ (10) മടക്കി ഗ്ലെൻ മാക്‌സ്‌വെൽ ആർസിബിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ മൊയീൻ അലിയും കോൺവേയും നിലയുറപ്പിച്ചപ്പോൾ സിഎസ്കെ പ്രതീക്ഷകൾ നിലനിർത്തി. 56 റൺസെടുത്ത് കോൺവേ 15-ാം ഓവറിൽ പുറത്തായി. അധികം വൈകാതെ തന്നെ ജഡേജയും കൂടാരം കയറിയതോടെ ഭാരം ധോണിയുടെ മേലായി. 18-ാം ഓവറിൽ 34 റൺസെടുത്ത അലിയും തൊട്ടുപിന്നാലെ ധോണിയും ഔട്ടായതോടെ സിഎസ്കെ തോൽവി ഉറപ്പിച്ചു.
ആർസിബിക്കായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് എടുത്തപ്പോൾ ഗ്ലെൻ മാക്‌സ്‌വെൽ രണ്ടും വനിന്ദു ഹസരംഗ, ജോഷ് ഹേസിൽവുഡ്, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും നേടി. ജയത്തോടെ പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കയറി. പത്ത് മത്സരങ്ങളില്‍ ഏഴാം തോല്‍വിയാണ് ചെന്നൈയുടേത്.