സീസൺ അവസാനത്തോടെ വാറ്റ്ഫോർഡ് വിടുമെന്ന് സ്ഥിരീകരിച്ച് പരിശീലകൻ റോയ് ഹോഡ്സൺ
സീസൺ അവസാനത്തോടെ വാറ്റ്ഫോർഡ് വിടുമെന്ന് സ്ഥിരീകരിച്ച് പരിശീലകൻ റോയ് ഹോഡ്സൺ. 74-കാരനായ മുൻ ഇംഗ്ലണ്ട് പരിശീലകൻ ജനുവരിയിലാണ് ഹോർനെറ്റുമായി ഒരു ഹ്രസ്വകാല കരാറിൽ ഏർപ്പെടുന്നത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ബേൺലിയോട് 2-1 ന് പരാജയം ഏറ്റുവാങ്ങിയ ക്ലബ് പ്രീമിയർ ലീഗിൽ നിന്ന് പുറത്തായി.
അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ നിന്നും തരംതാഴ്ത്തിയതിനാലാണ് വാറ്റ്ഫോർഡിൽ നിന്നും പിൻവാങ്ങുന്നത്. പ്രീമിയർ ലീഗിൽ മറ്റൊരു ക്ലബിന്റെയും ജോലി ഏറ്റെടുക്കില്ലെന്നും എന്നാൽ താൻ ഇപ്പോഴും ഫുട്ബോളിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്നും റോയ് ഹോഡ്സൺ അറിയിച്ചു.
ഈ സീസണിൽ ഇനിയും നാല് മത്സരങ്ങൾ വാറ്റ്ഫോർഡിന് ബാക്കിയുണ്ടെങ്കിലും എല്ലാ മത്സരങ്ങൾ ജയിച്ചാലും തരംതാഴ്ത്തൽ ഭീഷണിയിൽ നിന്നും പുറത്തുകടക്കാനാവില്ല. 45 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന പരിശീലക രംഗത്ത് ഇന്റർ മിലാൻ, ബ്ലാക്ക്ബേൺ, ഫുൾഹാം, ലിവർപൂൾ, വെസ്റ്റ് ബ്രോം, ക്രിസ്റ്റൽ പാലസ് ക്ലബുകളെ റോയ് ഹോഡ്സൺ പരിശീലിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഫിൻലാൻഡ് എന്നീ ദേശീയ ടീമുകളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്.