ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്
ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി). 16 അംഗ ടീമിൽ പേസർ ഷോറിഫുൾ ഇസ്ലാമിനെയും ഷാക്കിബ് അൽ ഹസനെയും ഉൾപ്പെടുത്തിയാണ് ടീമിനെ അണിനിരത്തുന്നത്.
ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കിടെ പരിക്ക് നേരിട്ടതിനാൽ ആദ്യ ടെസ്റ്റിന് ഇസ്ലാം ലഭ്യമല്ലെന്ന് ബിസിബി നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും പേസ് ബോളർ പരിക്കിൽ നിന്ന് മുക്തമാകുന്നതിൽ തൃപ്തി അറിയിച്ച ബോർഡ് ഇക്കാരണത്താലാണ് ഷോറിഫുൾ ഇസ്ലാമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

അതേസമയം ചില കുടുംബ കാരണങ്ങളാൽ ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് മത്സരങ്ങൾ നഷ്‌ടപ്പെടുകയും ഏകദിനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുകയും ചെയ്ത വെറ്ററൻ താരം ഷാക്കിബ് അൽ ഹസൻ നീണ്ട ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ഫോർമാറ്റിൽ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദക്ഷിണാഫ്രിക്കയിലെയും ന്യൂസിലൻഡിലെയും ടെസ്റ്റ് പരമ്പരകളിൽ താരത്തിന് പങ്കെടുക്കാനായിരുന്നില്ല.
പേസർ അബു ജയ്ദ് റാഹിയെയും ബാറ്റിംഗ് താരം ഷാദ്മാൻ ഇസ്ലാമിനെയും സെലക്ടർമാർ ടീമിൽ നിന്ന് ഒഴിവാക്കി. അതേസമയം പേസർ റെജൗർ റഹ്മാന് അരങ്ങേറ്റത്തിന് സാധ്യത തെളിയുന്നുമുണ്ട്.