ടെസ്റ്റ് റാങ്കിംഗിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്ന് ഉസ്മാൻ ഖവാജ
ടെസ്റ്റ് റാങ്കിംഗിലെ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്ന് ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ. പാകിസ്ഥാനെതിരെ നടന്ന പരമ്പരയിലെ ഉഗ്രൻ പ്രകടനമാണ് താരത്തിന് റാങ്കിംഗിൽ തന്റെ സ്ഥാനം മെച്ചപ്പെടുത്താൻ സഹായകരമായത്.
പരമ്പരയിലെ അഞ്ച് ഇന്നിംഗ്സുകളിൽ നിന്നായി 97, 160, 44*, 91, 104* റൺസാണ് ഖവാജ അടിച്ചെടുത്തത്. 165.33 എന്ന അതിശയിപ്പിക്കുന്ന ശരാശരിയിൽ 496 റൺസ് നേടിയ ഖവാജ ടീമിന്റെ വിജത്തിൽ ഏറെ നിർണായകമായ സാന്നിധ്യമായിരുന്നു.
ഇംഗ്ലണ്ടിനെതിരെ നടന്ന ആഷസ് പരമ്പരയിലും ഇരട്ട സെഞ്ചുറികളുമായി തിളങ്ങിയ താരം 2022 കലണ്ടർ വർഷത്തിൽ മികച്ച ഫോമിലാണ് മുന്നോട്ടു നീങ്ങുന്നത്. രോഹിത് ശർമ്മയെ കൂടാതെ ഡേവിഡ് വാർണർ, റിഷഭ് പന്ത്, വിരാട് കോലി, ട്രാവിസ് ഹെഡ് എന്നിവരെ പിന്തള്ളിയാണ് ഉസ്മാൻ ഖവാജയുടെ മുന്നേറ്റം. നിലവിൽ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിലെ ആദ്യ പത്തിൽ രോഹിത്തും കോലിയും മാത്രാണുള്ളത്. മാർനസ് ലാബുഷാഗ്നെനെയാണ് ഒന്നാം സ്ഥാനത്ത്.