വിസ പ്രശ്നങ്ങൾ അവസാനിച്ചു, മൊയീൻ അലി ഉടൻ ഇന്ത്യയിലേക്ക് പറക്കും
വിസ പ്രശ്നങ്ങൾ അവസാനിച്ചതിനു പിന്നാലെ ഐപിഎല്ലിൽ പങ്കെടുക്കാൻ മൊയിൻ അലി ഉടൻ ഇന്ത്യയിലേക്ക് പറക്കും. ഇന്ത്യയിലേക്ക് ഇന്നു തന്നെ തിരിക്കുമെങ്കിലും ഇംഗ്ലീഷ് താരത്തിന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരം നഷ്ടമാവും.
കഴിഞ്ഞ മാസം നടന്ന മെഗാ ലേലത്തിന് മുമ്പ് 8 കോടി രൂപയ്ക്കാണ് നാല് തവണ ജേതാക്കളായ എംഎസ് ധോണിയുടെ ചെന്നൈ അലിയെ നിലനിർത്തിയത്. വിസ കുരുക്കഴിഞ്ഞ മുംബൈയിലെത്തുന്ന മൊയീൻ അലി അവിടെ മൂന്നു ദിവസം ക്വാറൻറയിനിൽ കഴിയേണ്ടതുണ്ട്. അതിനു ശേഷമാവും പരിശീലനത്തിനായി ടീമിനൊപ്പം ചേരുക.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി മാർച്ച് 26നാണ് ചെന്നൈയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ നിന്നായി 356 റണ്‍സും 6 വിക്കറ്റുമായി ചെന്നൈയുടെ കിരീടനേട്ടത്തില്‍ നിർണായക സാന്നിധ്യമായിരുന്നു ഈ ഇംഗ്ലീഷ് ഓൾറൌണ്ടർ