മാർക്ക് വുഡിന് പകരക്കാരനായി ആൻഡ്രൂ ടൈയെ ടീമിലെത്തിച്ച് ലഖ്നൗ
പരിക്കേറ്റ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡിന് പകരക്കാരനായി ആൻഡ്രൂ ടൈയെ ടീമിലെത്തിച്ച് ലഖ്നൗ സൂപ്പർ ജയന്റ്സ്. ഓസീസ് താരമായ ടൈ ടി20-യിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് 32 മത്സരങ്ങളിൽ നിന്നായി 47 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ഈ മാസം ആദ്യം വെസ്റ്റ് ഇൻഡീസിനെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റിനിടെയാണ് മാർക്ക് വുഡിന് കൈമുട്ടിന് പരിക്കേറ്റ് പുറത്തായത്. ഇതുവരെ 27 ഐപിഎൽ മത്സരങ്ങൾ കളിക്കുകയും 40 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുള്ള ഈ വലംകൈയ്യൻ പേസർ ഒരു കോടി രൂപയ്ക്കാണ് എൽഎസ്ജിയിൽ എത്തിയിരിക്കുന്നത്.
ഈ സീസണിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ലഖ്നൗ സൂപ്പർ ജയന്റ്സ് മാർച്ച് 28 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസുമായി ഏറ്റുമുട്ടും. പരിചയസമ്പന്നനായ ടി20 സ്പെഷ്യലിസ്റ്റാണ് ടൈ എന്നത് ടീമിന് ഗുണംചെയ്യും. കിംഗ്സ് ഇലവൻ പഞ്ചാബിനെ 2018-ൽ പ്രതിനിധീകരിച്ചപ്പോൾ പർപ്പിൾ ക്യാപ്പ് നേടി ശ്രദ്ധേയമാവുകയും ചെയ്തിരുന്നു.