ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഷാക്കിബ് അൽ ഹസനും എത്തുമെന്ന് സ്ഥിരീകരണം
ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ടീമിലേക്ക് ഷാക്കിബ് അൽ ഹസനും എത്തും. 2022 മാർച്ച് 18 ന് ആരംഭിക്കാനിരിക്കുന്ന മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും അടങ്ങുന്ന ഒരു സമ്പൂർണ പരമ്പരയാണ് നടക്കാൻ പോവുന്നത്.
കളിയുടെ മൂന്ന് ഫോർമാറ്റുകൾക്കും താൻ ബംഗ്ലാദേശിനായി കളിക്കുമെന്നാണ് വെറ്ററൻ ക്രിക്കറ്റ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഇതു സംബന്ധിച്ച പ്രശ്നങ്ങൾ ക്രിക്കറ്റ് ബോർഡുമായി നിലനിന്നിരുന്ന സാഹചര്യത്തിലാണ് താരം പരസ്യമായി പ്രതികരിച്ചിരിക്കുന്നത്.
തനിക്ക് എപ്പോൾ വിശ്രമം നൽകണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തീരുമാനിക്കുമെന്ന് പറഞ്ഞ ഷാക്കിബ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മുഴുവൻ സമയവും താൻ ലഭ്യമാണെന്നും വ്യക്തമാക്കി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഷാക്കിബ് അൽ ഹസൻ ലഭ്യമാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡന്റ് നസ്മുൽ ഹസനും സ്ഥിരീകരിച്ചിട്ടുണ്ട്. കരിയറിൽ 59 ടെസ്റ്റുകളിലും 218 ഏകദിനങ്ങളിലും 96 ടി20 മത്സരങ്ങളിലും ഷാക്കിബ് ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.