പ്രീമിയർ ലീഗിൽ വാട്ഫോർഡിനെ തകർത്ത് ആഴ്സണൽ ടോപ്പ് ഫോറിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാട്ഫോർഡിനെ തകർത്ത് ആഴ്സണൽ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഹോർനെറ്റ്സിനെ പരാജയപ്പെടുത്തിയ ഗണ്ണേഴ്സ് പോയിന്റ് പട്ടികയിൽ ടോപ്പ് ഫോറിൽ തിരികെയെത്തി. തരംതാഴ്ത്തൽ ഭീഷണിയിലാണെങ്കിലും മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മികച്ച മുന്നേറ്റങ്ങളാണ് വാട്ഫോർഡ് നടത്തിയത്.
എന്നാൽ അഞ്ചാം മിനിറ്റിൽ മാർട്ടിൻ ഒഡഗാർഡ് ആഴ്സണിലായി ലീഡ് എടുക്കുകയായിരുന്നു. തുടർന്ന് 11-ാം മിനിറ്റിൽ കുകോ ഹെർണാണ്ടസ് ആതിഥേയർക്കായി സമനില പിടിച്ചു. എങ്കിലും അർട്ടേറ്റയുടെ ടീം പിന്നോട്ടു വലിയാൻ തയാറായിരുന്നില്ല. തുടരെ തുടരെയുള്ള അറ്റാക്കിംഗിനു ശേഷം 30-ാം മിനിറ്റിൽ ആഴ്സണൽ ബക്കയോ സാക്കയിലൂടെ വീണ്ടും മുന്നിലെത്തി. ആദ്യ പകുതി അങ്ങനെ അവസാനിച്ചു.
രണ്ടാം പകുതിയിലും ഗണ്ണേഴ്സ് മുന്നോട്ടു തന്നെയായിരുന്നു. മികച്ച നീക്കങ്ങൾക്കൊടുവിൽ 52-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെലി മൂന്നാം ഗോളും നേടി. കളിയവസാനിക്കാൻ മൂന്നു മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ വാട്ഫോർഡിന്റെ രണ്ടാം ഗോളും വന്നു. എന്നാൽ സമനില പിടിക്കാനുള്ള സമയം ഹോർനെറ്റ്സിന് പിന്നീട് ലഭിച്ചില്ല. ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ആഴ്സണൽ പോയിന്റ് പട്ടികയിൽ നാലാമതെത്തി.