ത്രില്ലർ പോരാട്ടത്തിൽ ഗോവയ്ക്കെതിരെ സമനിലയുമായി ബ്ലാസ്റ്റേഴ്സ്
ഐഎസ്എല്‍ ഫുട്ബോളിലെ അവസാന മത്സരത്തിൽ എഫ്സി ഗോവയ്ക്കെതിരെ ആവേശകരമായ സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. എട്ടു ഗോള്‍ പിറന്ന മത്സരത്തില്‍ ഇരു ടീമും നാലു ഗോള്‍ വീതം നേടിയാണ് കളി അവസാനിപ്പിച്ചത്.
ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് മുന്നിൽ നിന്ന മഞ്ഞപ്പട രണ്ടാം പകുതിയിൽ 4-2 പിന്നിലേക്ക് വീണു. എന്നാൽ കളി തീരും മുമ്പായി കേരളം സമനിലപിടിച്ചു. മത്സരത്തിന്റെ 10-ാം മിനിറ്റില്‍ തന്നെ ജോര്‍ജ് ഡിയാസിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. പിന്നാലെ 25-ാം മിനിറ്റില്‍ പെനാൽറ്റിലിയിലൂടെ കൊമ്പൻമാർ ലീഡ് രണ്ടായി ഉയർത്തി ആദ്യ പകുതി അവസാനിപ്പിച്ചു.
എന്നാൽ രണ്ടാം പകുതിൽ കളിയാകെ മാറി ഗോവന്‍ ആധിപത്യമാണ് പിന്നീട് കാണാനായത്. പകരക്കാരനായെത്തിയ ഐറം കബ്രേറയിലൂടെ 49-ാം മിനിറ്റില്‍ ഗോവ ഒരു ഗോൾ മടക്കി. തുടർന്ന് 63-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബ്ലാസ്റ്റേഴ്സിനൊപ്പം ഗോവൻ പടയെത്തി. 79-ാം മിനിറ്റില്‍ ഒരു കിടിലന്‍ ഷോട്ടിലൂടെ ഐബാന് ഡോഹ്ലിങ് ഗോവയ്ക്ക് ലീഡ് സമ്മാനിച്ചു.
മിനിറ്റുകള്‍ക്ക് ശേഷം കബ്രേറ തന്റെ ഹാട്രിക്കും ഗോവയുടെ നാലാം ഗോളും സ്വന്തമാക്കി. എന്നാൽ മഞ്ഞപ്പടയുടെ പോരാട്ടവീര്യം അവസാനിച്ചില്ല. 88-ാം മിനിറ്റില്‍ വിന്‍സി ബാരെറ്റോ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോള്‍ നേടി. പിന്നാലെ 90-ാം മിനിറ്റിൽ സമനില പിടിച്ച് കളി കേരളം കളിയവസാനിപ്പിച്ചു. 20 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായാണ് കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിലേക്ക് എത്തുന്നത്.