ലാ ലിഗയിൽ ബാഴ്സലോണ ഇന്ന് എൽഷെയ്ക്കെതിരെ ഇറങ്ങും
ലാ ലിഗയിൽ ഉഗ്രൻ ഫോമിലേക്ക് മടങ്ങിയെത്തിയ എഫ്സി ബാഴ്സലോണ ഇന്ന് എൽഷെയ്ക്കെതിരെ ഇറങ്ങും. അവസാന അഞ്ചു മത്സരങ്ങളിലും തോൽവിയറിയാതെയാണ് ചാവിയുടെ ടീം ഇന്ന് കളത്തിലെത്തുന്നത്. സീസണിലെ ഭയാനകമായ തുടക്കത്തിനുശേഷം ലാ ലിഗ ടേബിളിൽ ആദ്യ നാലിൽ സ്ഥാനം ഉറപ്പിക്കാൻ ബാഴ്സലോണയ്ക്കായതും ക്ലബിന് ആശ്വാസമേകിയിട്ടുണ്ട്.
25 കളികളിൽ നിന്ന് 12 ജയവും ഒമ്പത് സമനിലയും സഹിതം 45 പോയിന്റാണ് കാറ്റാലൻ ടീമിന് നിലവിലുള്ളത്. അതേസമയം നവംബർ അവസാനം ഫ്രാൻസിസ്കോ ജാവിയർ റോഡ്രിഗസ് വിൽചെസ് ഫ്രാൻ എസ്ക്രിബയിൽ നിന്ന് ക്ലബിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനുശേഷം എൽഷെ അവരുടെ അവസാന 12 ലീഗ് ഗെയിമുകളിൽ നിന്ന് 18 പോയിന്റുകൾ നേടിയെടുത്തിട്ടുണ്ട്.
അതിനാൽ എതിരാളികൾ അത്ര നിസാരക്കാരല്ലെന്ന് ബാഴ്സയ്ക്ക് അറിയാം. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീമിലെത്തിയർ പുറത്തെടുക്കുന്ന അതിഗംഭീര പ്രകടനമാണ് ചാവിയുടെ ആശ്വാസം. ഒബിമിയാങ്ങും ട്രവോരെയും എല്ലാം ഗോളടിക്കുന്നതിലും അടിപ്പിക്കുന്നതിലും മിടുക്കുകാണിക്കുന്നുണ്ട്.