ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിനെ സെമിയിലെത്തിച്ച് ഹൈദാബാദിന്റെ ജയം
ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെ കെട്ടുകെട്ടിച്ച് കരുത്തരായ ഹൈദരാബാദ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയിച്ചാണ് ടീമിന്റെ മുന്നോട്ടുള്ള കുതിപ്പ്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ നാലാം സ്ഥാനം അരക്കിട്ടുറപ്പിക്കപ്പെട്ടു.
സെമി സാധ്യത നിലനിർത്താനുള്ള അവസാന കച്ചിതുറുമ്പിലും കൈവിട്ട് മുംബൈ സെമി കാണാതെ മടങ്ങി. നിര്‍ണായക മത്സരത്തില്‍ ഹൈദരാബാദിന് മുന്നില്‍ കാലുറപ്പിക്കാന്‍ പോലും നിലവിലെ ചാമ്പ്യൻമാർക്ക് സാധിച്ചില്ലെന്നു വേണം പറയാൻ. 14-ാം മിനിറ്റിൽ രേഹിത് ഡാനുവിലൂടെ ലീഡ് എടുത്ത ഹൈദരാബാദ് ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പു തന്നെ 41-ാം മിനിറ്റിൽ ജോയൽ ചിയാനെസിലൂടെ രണ്ടാം ഗോളും നേടി.
എന്നാൽ രണ്ടാം പകുതിയിൽ 76-ാം മിനിറ്റിൽ മൗർതാഡ ഫാളിലൂടെ മുംബൈ മത്സരത്തിലേക്ക് തിരിച്ചു വരാനായി ഗോൾ മടക്കി. അവസാന 10 മിനിറ്റുകളിൽ സമനിലഗോളുകള്‍ കണ്ടെത്താന്‍ നിലവിലെ ചാമ്പ്യന്മാര്ക്കായില്ല. ഇന്നലത്തെ തോൽവിയോടെ 31 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്താനെ മുംബൈ സിറ്റിക്ക് സാധിച്ചുള്ളൂ.
ഐഎസ്എല്ലില്‍ 40 പോയിന്റുമായി ജംഷ്ഡ്പൂര്‍ എഫ്സിയാണ് ഒന്നാമത്. അതേസമയം 38 പോയിന്റുമായി ഹൈദരാബാദ് എഫ്സി രണ്ടാമതും 37 പോയിന്റുമായി എടികെ മോഹന്‍ ബഗാന് മൂന്നാമതും 33 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് നാലാമതും നില്ക്കുന്നു.