മൊഹാലി ടെസ്റ്റ്; ഒന്നാം ദിനം കളി അവസാനിച്ചപ്പോൾ ഇന്ത്യ 357-6 എന്ന നിലയിൽ
മൊഹാലി ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ കൂറ്റൻ സ്കോറിലേക്ക് അതിവേഗം ടീം ഇന്ത്യ മുന്നേറുകയാണ്. ഒന്നാം ദിനം കളി നിർത്തുമ്പോൾ 85 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജ (45), രവിചന്ദ്രൻ അശ്വിൻ (10) എന്നിവരാണ് ക്രീസിൽ നിലയുറപ്പിച്ചിരിക്കുന്നത്.
വിരാട് കോലിയുടെ 100–ാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ സമ്പൂർണ ആധിത്യമാണ് ശ്രീലങ്കൻ ടീമിന് കാണാനായത്. ടെസ്റ്റിൽ ഇത് 14–ാം തവണയാണ് ഇന്ത്യ ആദ്യ ദിനം 350 റൺസിനു മുകളിൽ സ്കോർ ചെയ്യുന്നത് എന്ന പ്രത്യേകയും ഇന്നുണ്ടായി.
കോലിയുടെ അർധ സെഞ്ചുറി നഷ്ടത്തിന് പിന്നാലെ റിഷഭ് പന്തിന്റെ സെഞ്ചുറി നഷ്ടവും ആദ്യ ദിനത്തിൽ ടീം ഇന്ത്യയ്ക്ക് നിരാശയേകി. 97 ബോളുകളിൽ നിന്നാണ് റിഷഭ് പന്ത് 96 റൺസെടുത്തത്. രോഹിത് ശർമ (29), മയാങ്ക് അഗർവാൾ (33), വിരാട് കോലി (45), ഹനുമ വിഹാരി (58), ശ്രേയസ് അയ്യർ (27), റിഷഭ് പന്ത് (96) എന്നിവരാണ് ഒന്നാം ദിനം പുറത്തായത്.