നൂറാം ടെസ്റ്റിൽ 8000 റൺസ് ക്ലബിലെത്തി വിരാട് കോലി
ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ തന്റെ നൂറാം ടെസ്റ്റിന് ഇറങ്ങിയ വിരാട് കോലി മടങ്ങിയത് പുതിയ റെക്കോർഡിട്ട്. ടെസ്റ്റ് കരിയറിൽ 8000 റൺസ് പിന്നിട്ട നേട്ടവുമായാണ് കോലി പുറത്തായത്. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്കർ, വീരേന്ദർ സെവാഗ്, വിവിഎസ് ലക്ഷ്മൺ തുടങ്ങിയ മഹാരഥൻമാർ ഉൾപ്പെടുന്ന എലൈറ്റ് ലിസ്റ്റിൽ ചേരുന്ന ആറാമത്തെ ഇന്ത്യക്കാരനാണ് കോലിയിപ്പോൾ.
കരിയറിലെ 100–ാം ടെസ്റ്റിൽ വിരാട് കോലിയുടെ സെഞ്ചുറി കാത്തിരുന്ന ആരാധകർക്ക് ഒന്നാം ഇന്നിങ്സിൽ നിരാശയാണ് ഫലം. മികച്ച ബാറ്റിങ് കാഴ്ചവച്ച് മുന്നേറിയ കോലി അർധസെഞ്ചുറിക്ക് അരികെ പുറത്തായി 45 റൺസെടുത്ത് പുറത്താവുകയായിരുന്നു.
44 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെന്ന നിലയിലാണ് ഇന്ത്യയിപ്പോൾ. അർധസെഞ്ചുറി പൂർത്തിയാക്കിയ വിഹാരിയും കോലിക്കു പിന്നാലെ മടങ്ങി. ഇപ്പോൾ റിഷഭ് പന്തും ശ്രേയസ് അയ്യരുമാണ് ഇന്ത്യക്കായി ക്രീസിലുള്ളത്. നായകൻ രോഹിത് ശർമ (29), ഓപ്പണർ മയാങ്ക് അഗർവാൾ (33) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ.